Thursday, November 21, 2024

HomeLiteratureവുഹാനിലെ സുന്ദരി

വുഹാനിലെ സുന്ദരി

spot_img
spot_img

ചെറുകഥ
നിള (രവിന്ദ്രനാഥ് വാകത്താനം)

ഇടവപ്പാതിയിലെ ഒരു മഴതോര്‍ന്ന പകല്‍… തെരുവുകള്‍ ശൂന്യമായിരുന്നെങ്കിലും, വീടുകളിലെ ടി.വികള്‍ ഉറക്കെ ചിലച്ചുകൊണ്ടിരുന്നു. ശ്വാസമടക്കിപ്പിടിച്ച ജനം ഉദ്വോഗത്തോടെ ആ വാര്‍ത്ത കേട്ടു.

വാര്‍ത്തകളിലിടം പിടിക്കാത്ത ഒരുപാട് മരണങ്ങളിലൊന്നു മാത്രമയേക്കാവുന്ന ഡേവിഡിന്റെ മരണം ഇന്ന് ചാനലുകള്‍ക്ക് ചാകരയായി മാറി. കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ഈ തെരുവില്‍ അയാളെത്തിയിട്ട്. ആദ്യകാലങ്ങളില്‍ അയാളെ ആട്ടിയോടിക്കാന്‍ കച്ചകെട്ടിയവര്‍ പിന്നീടയാളുടെ സംരക്ഷകരായിമാറി.

ഭൂമിയില്‍ പ്രകാശം പരക്കുന്നതിനു മുന്‍പെ പഞ്ചായത്ത് കിണറിന്റെ കപ്പി കര… കര… ശബ്ദത്തോടെ ചലിക്കുവാന്‍ തുടങ്ങും. അത് ഡേവിഡിന്റെ ഒരു പകലിന്റെ തുടക്കമാണ്. കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ധരിച്ചു മാത്രമെ അയാള്‍ ആ തെരുവിലെ കടവരാന്തയില്‍ നിന്നും പുറത്തേക്ക് പോവുകയുള്ളു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഡേവിഡും ആ തെരുവിലെ ഒരാളായി മാറി. ക്രമേണ കടത്തിണ്ണയില്‍ നിന്നും കൈരളി വായനശാലയുടെ പുറകിലെ ചായ്പ്പിലേക്ക് അയാള്‍ക്ക് സമൂഹം പ്രമോഷന്‍ കൊടുത്തു.

അരോടും ഒന്നും സംസാരിക്കാത്ത ഡേവിഡ് എന്നും ഒരു വിസ്മയമായി തുടര്‍ന്നു. ഭരതേട്ടന്റെ ചായപീടികയിലെ ഒരുപുറം സഹായിയായി അയാള്‍ എന്നും രാവിലെയെത്തും. ഒന്നും ചോദിക്കാതെ അവിടെയിരിക്കുന്ന പാത്രങ്ങളയാള്‍ കഴുകിവെടിപ്പാക്കിവെയ്ക്കും. വിറക്പുരയില്‍ നിന്നും അഞ്ചാറ് വിറക്മുട്ടിയെടുത്തയാള്‍ കീറി അടുക്കളയുടെ പുറംവാതിലിന്റെ മൂലയില്‍ ചാരിവയ്ക്കും. പിന്നീട് വാതിലില്‍ രണ്ട് മൂന്ന് തവണ ചെറുതായൊന്ന് മുട്ടി ശബ്ദമുണ്ടാക്കും. അത് ഭരതേട്ടന്നുള്ള സന്ദേശമാണ്.

ഒരു വലിയ കിണ്ണത്തില്‍ ഡേവിഡിനുള്ള ആഹാരവുമായി ഭരതേട്ടനെത്തും. വിറക്പുരയുടെ തണലിലിരുന്ന് കഴിച്ചശേഷം പാത്രവുംകഴുകിക്കമിഴ്ത്തി അയാള്‍ തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങും. ഈ പതിവ് കാഴ്ചകള്‍ ഇന്നീ തെരുവിന്റെ ഭാഗമായി മാറിയിരിക്കുന്നു. മാറിമാറി വന്ന ഋതുഭേദങ്ങളൊന്നും ഡേവിഡിന്റെ ജീവിതത്തെ തെല്ലും ബാധിച്ചില്ല.ആരോ കൊടുക്കുന്ന തെറുപ്പുബീഡികള്‍ അയാളെ വല്ലാതെ സ്വാധീനിച്ചിരുന്നു.

ഓര്‍മകളുടെ വെളുത്ത പുകച്ചുരുളുകള്‍ അയാളുടെ കറുത്ത ജീവിതത്തെ മറച്ചിരിക്കാം. യാത്രയുടെ തുടക്കമോ സ്ഥലമോ അറിയാത്ത നീണ്ടകാലങ്ങള്‍. ഒരുപക്ഷേ അയാള്‍ക്കത് ആരോടും പറയുവാന്‍ ഇഷ്ടമില്ലായിരിക്കാം. അതിനുള്ള മറമാത്രണോ ആരോടും ഒന്നും സംസാരിക്കാത്ത ഈ ജീവിതം.

വായനശാലയുടെ പിന്നിലെ ജനാലയുടെ അഴികള്‍ക്കിടയിലൂടെ ചില പ്രാദേശിക ‘ശാസ്ത്രഞ്ജര്‍’ ഡേവിഡിന്റെ ജീവിതത്തെ സൂഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. ഒരു പക്ഷേ കടല്‍, ആകാശയാത്രക്കാരുടെ വിസ്മയമായ ബര്‍മുഡട്രയാംഗിളിന്റെ രഹസ്യം കണ്ടെത്താന്‍ സാധിക്കാത്തതുപോലെ ഡേവിഡിന്റെ ജീവിതരഹസ്യവും ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുന്നു.

2020 മാര്‍ച്ച് മാസത്തെ പ്രധാനമന്ത്രിയുടെ ‘ലോക്ഡൗണ്‍’ പ്രഖ്യാപനത്തോടെ എന്റെ ഗ്രാമവും ഭീതിയിലായി.നാലായിരത്തി അഞ്ഞൂറ് മൈലുകള്‍ക്കപ്പുറമുള്ള വുഹാനില്‍ നിന്നും എന്റെ ഗ്രാമത്തിലേക്കും കൊലയാളികളായ അതിഥികളെത്തുന്നുവെന്ന തോന്നല്‍ ഞങ്ങളെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കി. രണ്ട് മൂന്ന് മാസങ്ങള്‍ പരസ്പരം കാണാനോ സംസാരിക്കാനോ ശ്രമിക്കാതെ ഇരുണ്ട ചായം പൂശിയ ചുമരുകള്‍ക്കുള്ളിലേക്ക് ഞങ്ങള്‍ ഉള്‍വലിഞ്ഞു. അപ്പോഴും ഭരതേട്ടന്‍ ഡേവിഡിനുള്ള കിണ്ണം നിറച്ച് വച്ചിരുന്നു.

വുഹാനിലെ പത്തൊന്‍പതുകാരിയായ സുന്ദരി എന്റെ ഗ്രാമത്തേയും പ്രണയിച്ചതോടെ തെരുവുകള്‍ വിജനമായി. വിശന്നുവലഞ്ഞ തെരുവുനായ്ക്കള്‍ പരസ്പരം കടിച്ചുകീറിയ മുറിവിലൂടെ ഒഴുകിയ രക്തം നക്കിതുടച്ച് വിശപ്പടക്കി.അവശേഷിച്ച മരച്ചില്ലകളില്‍ കിളികള്‍ ആര്‍ത്തുല്ലസിച്ചപ്പോള്‍, വീടിന്റെ കിളിവാതിലിലൂടെ ഈ കാഴ്ച കണ്ട് ഞാന്‍ നെടുവീര്‍പ്പിട്ടു. കൂടുവിട്ട് കിളികള്‍ പറന്നപ്പോള്‍ കൂട്ടിലായ ഞാന്‍ എങ്ങനെ ആഹ്ലാദിക്കും.സയാഹ്ന വാര്‍ത്തകളിലെ മരണസംഖ്യയുടെ കുതിപ്പ് കണ്ട ജനം, മരണം കാത്ത് കഴിയുവാന്‍ വിധിക്കപ്പെട്ടവരായിമാറി.

വിജനമായ വീഥിയില്‍ കാണപ്പെട്ടവരാകട്ടെ മുഖംമൂടിയിട്ട അപരിചിതരായി സ്വയം മാറിയിരുന്നു. അക്ഷരങ്ങളെ കൊതിച്ച യൗവനം അടച്ചിട്ട മുറിക്കുള്ളില്‍ നവമാധ്യമത്തിന്റെ പുതിയ മേച്ചില്‍പുറംതേടി. വീടിന്റെ ചുമരുകള്‍ക്കപ്പുറവും ഇപ്പുറവും അപരിചിതരെപ്പോലെ ആളുകള്‍ അന്തിയുറങ്ങി.

പുലര്‍ച്ചെ വീട്ടിലെത്തുന്ന പത്രത്താളുകളിലെ ചരമ കോളത്തില്‍ തന്റെ അയല്‍വാസിയെ തിരയുന്ന ജീവിതം അവര്‍ പാഠമാക്കിയിരിക്കുന്നു.ഇത് എന്നെയും നിങ്ങളെയും തേടിയെത്താന്‍ പോകുന്ന വുഹാനിലെ സുന്ദരി പഠിപ്പിച്ച പാഠം.

ഏതോ ഒരുദിവസം ദുസ്വപ്നമെന്നപോല്‍ എന്റെ തെരുവിനേയും അധികൃതര്‍ കണ്ടയ്ന്‍മെന്റ്‌സോണാക്കി മാറ്റി. തെരുവിലേക്കുള്ള മണ്‍പാതകള്‍ തകരപാട്ട കൊണ്ടടച്ച പോലീസ് അതു പോരാതെ ലാത്തിയേന്തിയ കൊമ്പന്‍മീശക്കാരനെ കാവാലാളുമാക്കി. അറുപത് കഴിഞ്ഞ ഭരതേട്ടന്‍ വീട്ടുകാരുടെ തടവിലുമായി. സ്വന്തം ജീവനെക്കാള്‍ വലുതല്ല അനാഥന്റെ വിശപ്പെന്ന് തിരിച്ചറിഞ്ഞ സമൂഹം ഡെവിഡിനെ അന്വേഷിച്ചതേയില്ല.

ഇടവപ്പാതിയുടെ നിര്‍ത്താതെയുള്ള കണ്ണീര്‍ പ്രവാഹത്തില്‍ കരയും, പുഴയും കവിഞ്ഞൊഴുകിയ ഒരു കറുത്തവാവ് രാത്രി. നിര്‍ത്താതെ പെയ്യുന്ന മഴത്തുള്ളികളെ നോക്കി ആരോ ഉച്ചത്തില്‍ പാട്ടുപാടുന്നത് കാവലിരുന്ന പോലീസുകാര്‍ കേട്ടുവത്രെ. അത് ഡേവിഡായിരുന്നു എന്ന് അടുത്ത ദിവസം ഉച്ചയോടെയാണ് ഈ ഗ്രാമമിറഞ്ഞത്.

ഒരാഴ്ചക്കാലത്തെ തടവിനു ശേഷം തെരുവിലെ മണ്‍പാതയെ മറച്ച തകരഷീറ്റുകള്‍ മാറ്റപ്പെട്ടു.നായകളുടെ നിര്‍ത്താതെയുള്ള ബഹളം കേട്ടാണ് ജനങ്ങള്‍ വായനശാലയുടെ പിന്നാമ്പുറത്തേക്കെത്തിയത്.

നായ്ക്കളെ തുരത്തിയോടിച്ച യുവാക്കള്‍ ഞെട്ടുന്ന കാഴ്ചയാണ് അവിടെ കണ്ടത്. കമിഴ്ന്നു കിടക്കുന്ന ഒരാളെ നായകള്‍ കടിച്ചുകീറിയിട്ടിരിക്കുന്നു. അവര്‍ അയാളെ മലര്‍ത്തി കിടത്തി. പരിചിതമായ മുഖം കണ്ടവര്‍ പിന്നോട്ട് മാറി.

നായ കടിച്ചുകീറിയ ഡേവിഡിന്റെ ശവശരീരമായിരുന്നു അത്. അനാഥനെങ്കിലും പത്തു വര്‍ഷക്കാലത്തെ അടുപ്പം അവരിലല്പം കണ്ണീര്‍ പടര്‍ത്തി. മരണത്തെ ഭയമില്ലാത്ത ചെറുപ്പക്കാര്‍ ഡേവിഡിന്റെ ശവം പായയില്‍ പൊതിഞ്ഞ് ആംബുലന്‍സില്‍ കയറ്റി,പോലീസിന്റെ പ്രീതി പിടിച്ചുപറ്റി.

അടക്കം പറച്ചിലുകളും, അഭിപ്രായങ്ങളുമായി ജനം കൂട്ടംകൂടി.വീമ്പിളക്കാന്‍ വെമ്പല്‍ കൊണ്ടവര്‍ മുഖംമൂടി മാറ്റിതന്നെ അഭിപ്രായം പറഞ്ഞു. കുറച്ചു നേരത്തേക്കവര്‍ വുഹാനിലെ സുന്ദരിയെ മറന്നു.

അല്പസമയം കഴിഞ്ഞപ്പോള്‍ പോലീസെത്തി. മൃതശരീരം മോര്‍ച്ചറിയിലേക്ക് മാറ്റി. പാതി തുറന്ന ഭരതേട്ടന്റെ കടയില്‍ ചര്‍ച്ചയില്‍ മുഴുകിയ പലരും ഡേവിഡിന്റെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ പറഞ്ഞു. ഡേവിഡ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ട് പള്ളിയില്‍ അടക്കം ചെയ്യണമെന്നും ചിലര്‍, സത്യത്തില്‍ അയാള്‍ ഹിന്ദുവാണെന്നും, അയാള്‍ ഇന്നുവരെ പള്ളിയില്‍ പോയി കണ്ടിട്ടില്ലെന്നും ചിലര്‍.

അതു കൊണ്ട് തന്നെ ഹൈന്ദവ ആചാരപ്രകാരം സംസ്‌കരിക്കണമെന്ന തീരുമാനത്തിലവര്‍ ഉറച്ചു നിന്നു. തന്റെ പഞ്ചായത്തില്‍ ഒരു മരണം നടന്നിട്ട് ഒരു പൊതു പ്രവര്‍ത്തകനായ താന്‍ ഇടപ്പെട്ടില്ലെന്ന് ജനം കരുതരുതെന്ന് തോന്നി കരുണാകരന്‍മാഷും, പരിവാരങ്ങളും ജില്ലാ അസ്പത്രിയിലേക്ക് പോയി.

ഡേവിഡിന്റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി ഇടവപ്പാതിയുടെ അടുത്ത ഗഡു പെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു. ആറുമണിയോടു കൂടി എന്റെ ഗ്രാമത്തിനെ ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്തയെത്തി. തെരുവില്‍ മരിച്ചു കിടന്ന ഡേവിഡിന് ‘കോവിഡ്…’

ശവംകണ്ടവരും, ആംബുലന്‍സില്‍ കയറ്റിയവരും, മുഖംമൂടിമാറ്റി അഭിപ്രായം പറഞ്ഞവരും, ആ പകലില്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും, തെരുവുനായും, അതിനെ ഓടിച്ചവരും എന്നു വേണ്ട എല്ലാവരും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. അങ്ങനെ ആരും ശ്രദ്ധിക്കാത്ത ഡേവിഡ് വാര്‍ത്തകളില്‍ നിറഞ്ഞാടി.

ചാനലുകള്‍ മാറി മാറി ഡേവിഡിന്റെ ചരിത്രം തലമുടിനാരിഴകീറി പരിശോധിച്ച് വിധിയെഴുതി. അങ്ങനെ ഡേവിഡും താരമായി. പകലന്തിയോളം ഗീര്‍വാണം വീട്ട കുടുംബനാഥന്‍മാരും, സമൂഹിക പ്രതിബദ്ധതയുള്ള ചെറുപ്പക്കാരും, സ്വന്തംവീടിന്റെ വാതിലടച്ചതിനാല്‍ ക്വാറന്റ്റൈനില്‍ പോകേണ്ടി വന്നെന്നത് നടന്ന സത്യം.

വീണ്ടും അനാഥമായ തെരുവിലെ മരച്ചില്ലകളില്‍ കിളികള്‍ ആര്‍ത്തുല്ലസിച്ചു.

ഇന്നല്ലെങ്കില്‍ നാളെ തെരുവിലെ വീടുകളുടെ വാതില്‍പാളി തുറക്കുന്നതും കാത്ത് വുഹാനിലെ സുന്ദരി ആ തെരുവില്‍ ചുറ്റി നടന്നു…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments