സാബു ശങ്കര്‍
സംഗ്രഹം
തിരുവിതാങ്കൂറിനോട് ചേര്‍ന്നു കിടന്ന ഒരു സാങ്കല്‍പ്പിക ദ്വീപ് ആണ് ലെമൂറിയ. ഒന്നാം ലോക മഹായുദ്ധ കാലം മുതല്‍ കഥ ആരംഭിക്കുന്നു. കടലും കരയും മനുഷ്യരും ജീവിതവും…ബ്രിട്ടീഷ് നാവികര്‍ പണിത ലൈറ്റ് ഹൗസ്. ബ്രിട്ടീഷുകാര്‍ ആ ദ്വീപിന് പേരിട്ടു. ലെമൂറിയ 2. ഒന്നാം ലോക യുദ്ധം…ലെമൂറിയക്കടലില്‍ ജര്‍മനിയുടെ ഭീമന്‍ പടക്കപ്പല്‍ എംഡന്‍… ജാപ്പനീസ് വിമാനത്തിന്റെ ബോംബ് വര്‍ഷം…
അന്ന് കടല്‍ യുദ്ധത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഗീവര്‍ഗീസിന് ഏഴ് വയസ്സ്. അയാള്‍ വളര്‍ന്നപ്പോള്‍ കടല്‍പ്രകൃതിയെയും ലെമൂറിയായെയും സ്‌നേഹിച്ചു…വിദേശികള്‍ ടൂറിസ്റ്റുകളായി വരാന്‍ തുടങ്ങി. ലെമൂറിയായുടെ പ്രത്യേകതകള്‍ അയാള്‍ പഠിച്ചുകൊണ്ടിരുന്നു…അപ്പോഴാണ് ഉത്തരേന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ ലെമൂറിയയിലും പ്രതിഫലിക്കുന്നത്…
തിരുവിതാങ്കൂറില്‍ റീജന്റ് മഹാറാണി അധികാരമേല്‍ക്കുന്നു. കൊല്ലം രൂപതാ മെത്രാന്‍ ബെന്‍സിഗറിന്റേതായിരുന്നു ലെമൂറിയ…രാജകുടുംബം ബിഷപ്പ് ബെന്‍സിഗറില്‍ നിന്ന് ലെമൂറിയ ദ്വീപ് കൈവശമാക്കുന്നു. അവിടെ രാജകുടുംബം ഒരു കൊട്ടാരം നിര്‍മ്മിച്ചു. പ്രശാന്ത ഹര്‍മ്മ്യം ….ഗീവര്‍ഗീസിന്റെ പ്രണയം. മീനമ്മയെ വിവാഹം കഴിക്കുന്നു. മക്കള്‍ റൂത്ത്, സോളമന്‍. ഗീവര്‍ഗീസ് സ്വാതന്ത്ര്യ സമര സേനാനിയായി.
മഹാത്മാ ഗാന്ധിയുടെ അനുയായി ആയി. വിവിധ മത ജാതികളുടേതായ ലെമൂറിയയിലും രാഷ്ട്രീയ സംഭവ വികാസങ്ങള്‍…രണ്ടാം ലോക മഹായുദ്ധം…ഇന്ത്യന്‍ സ്വാതന്ത്ര്യം…ലെമൂറിയയിലും ലഹള…കൂട്ടക്കൊല…മറ്റു കുടുംബങ്ങളോടൊപ്പം ഗീവര്‍ഗീസും മീനാമ്മയും റൂത്തും സോളമനും വടക്കന്‍ ലെമൂറിയായിലേക്ക് പലായനം ചെയ്യുന്നു…ലെമൂറിയയിലെ ജനാധിപത്യത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയം…ലെമൂറിയായുടെ ഭരണാധികാരം കയ്യാളുന്ന ഭൂരിപക്ഷ മത ജാതി രാഷ്ട്രീയം…
ലെമൂറിയന്‍ ജീവിതത്തിലെ സംഘര്‍ഷങ്ങളും ജീര്‍ണതകളും സങ്കീര്‍ണതകളും വര്‍ദ്ധിച്ചു …മനുഷ്യത്വവും സാഹോദര്യവും ഇല്ലാതാവുന്നു. മനുഷ്യന്‍ വിഭജിക്കപ്പെടുന്നു വിഭാഗീയ ചിന്തകളാല്‍ ലെമൂറിയ ശാപഭൂമി പോലെയാവുന്നു. എങ്കിലും അധികാര നേട്ടങ്ങള്‍ക്കായി വിഭജിത സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ ന്യൂനപക്ഷം പേര്‍ ഐക്യത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്നു…വീണ്ടും മനുഷ്യ ജീവിതത്തിലെ സ്‌നേഹഗാഥകള്‍…
പക്ഷേ, 1950ല്‍, ഒരു സുനാമിയില്‍ ലെമൂറിയ അപ്പാടെ മുങ്ങിപ്പോയി…ഗീവര്‍ഗീസും സംഘവും ഉള്‍ക്കടലില്‍ സ്രാവ് വേട്ടയ്ക്ക് പോയി തിരിച്ചു വരുമ്പോള്‍ ലെമൂറിയ ദ്വീപ് ഇല്ല… ലെമൂറിയന്‍ പാറക്കെട്ടിലെ നിഷ്‌കളങ്കേശ്വരന്‍ കോവില്‍ മാത്രം വേലിയേറ്റത്തില്‍ മുങ്ങിയും വേലിയിറക്കത്തില്‍ പൊങ്ങിയും കാണപ്പെട്ടു…2000ല്‍ ഗീവര്‍ഗീസിനെ തേടി ഒരു ബ്രിട്ടീഷ് ടിവി അവതാരകയെത്തി.
ലെമൂറിയക്കാരനായ ഗീവര്‍ഗീസ് എന്ന തൊണ്ണൂറ്കാരന്റെ ഓര്‍മ്മകള്‍ റെക്കോര്‍ഡ് ചെയ്ത് ചിത്ര ജോസഫ് എന്ന യുവസുന്ദരി ലെമൂറിയായുടെ ചരിത്രകഥ രേഖപ്പെടുത്താനുള്ള യത്‌നത്തിലാണ്… ഒടുവില്‍ അവര്‍ കടലില്‍ താഴ്ന്നു കിടക്കുന്ന ലെമൂറിയായുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലില്‍ പോകുന്നു…
കടലിനടിയിലെ അപ്രതീക്ഷിത സംഭവങ്ങള്‍…
ഒന്നാം ലോകമഹായുദ്ധവും ലെമൂറിയായും
ഓര്‍മ്മയുടെ ചക്രവാളത്തില്‍ അസ്തമയ സൂര്യന്റെ ഒരു ചെറിയ ബിന്ദു പോലുമില്ല. ഭൂമിയ്ക്കുപോലും സ്ഥിരതയില്ല. സൂഷ്മകാലത്തില്‍ എല്ലാം അസ്ഥിരമാണ്. കാലത്തെ നിര്‍ത്തിവയ്ക്കുമ്പോഴാണ്, കുറഞ്ഞത് ഒരു നൂറ്റാണ്ടിന്റെ കടലാസ് നിവര്‍ത്തിവയ്ക്കുമ്പോഴാണ് ഒന്നിനും സ്ഥിരതയില്ലെന്നു ബോധ്യപ്പെടുക.
”അങ്കിള്‍…”
ഒരു മനുഷ്യന്‍ ഉപ്പുശരീരമായി മാറിയതുപോലെ. ഗീവര്‍ഗ്ഗീസ് കണ്ണുകളടച്ചു. രഘുവും ശശീന്ദ്രനും പാറപ്പുറത്തിരുന്ന് ആശങ്കപ്പെട്ടു. ഒരു കാര്യം ഏറ്റിട്ട് അതു നടക്കാതെ പോയെങ്കിലോ?
അവര്‍ ഇടയ്ക്കിടെ ചോദ്യരൂപേണ പരസ്പരം നോക്കും. പിന്നെ ചിത്രയെയും. ഗീവര്‍ഗ്ഗീസില്‍ നിന്ന് ഒന്നും കിട്ടാനില്ലെന്നൊരു തോന്നലിന്റെ നിരാശ അവളുടെ മുഖത്തുണ്ട്.
ഗീവര്‍ഗ്ഗീസിന്റെ ചുണ്ടുകള്‍ വിറച്ചു.
”ലെമൂറിയ!”
ചിത്ര മൊബൈല്‍ ഫോണില്‍ വീണ്ടും വിരലമര്‍ത്തി പിടിച്ചു. രഘുവിനും ശശീന്ദ്രനും ഉത്സാഹം.
”ആരും തൊടാത്ത കന്യക പോലൊരു തീരം. ഈ പൂവന്‍ത്തുരുത്തില്‍ നിന്ന് ഒരു കടലിടുക്ക്. മണല്‍ത്തിട്ട. അതിലൂടെ നടന്നെത്തിയാല്‍ ലെമൂറിയ. ഒരിക്കല്‍ അതിസുന്ദരമായിരുന്ന ഒരു ദ്വീപ്!”
ലെമൂറിയന്‍ ചരിത്രത്തിന്റെ അലകള്‍ ഒന്നൊന്നായി ഒഴുകി വന്നു.
പണ്ട് ഗീവര്‍ഗ്ഗീസിന്റെ കുട്ടിക്കാലത്ത്, ഏതാണ്ട് ഏഴു വയസ്സുള്ളപ്പോള്‍ ഒന്നാം ലോകമഹായുദ്ധം നടക്കുകയായിരുന്നു. അപ്പോഴും ലെമൂറിയ നിശബ്ദ സൗന്ദര്യത്തിന്റെ കാഴ്ചയായിരുന്നു.
മന്ദഗതിയിലുള്ള കൊച്ചുതിരകള്‍ ഒച്ചവെയ്ക്കാതെ പതയും നുരയുമായി തഴുകുന്ന തീരം. കടല്‍ക്കാക്കകള്‍ പോലും കരയാറില്ലായിരുന്നു. നിറയെ തെങ്ങിന്‍തോപ്പുകളും പച്ചപ്പും തണലും. ഓലപ്പുരകള്‍ ഒന്നും തന്നെ ഇല്ലാത്ത തീരം. പലതരം വൃക്ഷങ്ങള്‍. കാറ്റാടിമരങ്ങള്‍. നിറയെ കണ്ടല്‍ച്ചെടികള്‍. കണ്ടലിന്റെ വേരുകള്‍ക്ക് ഉപ്പുവെള്ളത്തില്‍ വളരാനാവും. വേരുകള്‍ വളര്‍ന്നാല്‍ മണ്ണൊലിപ്പ് തടയും.
പൃഥ്വിച്ചക്കകള്‍ വിളയുന്ന കുറ്റിക്കാടുകളില്‍ കുറുക്കന്മാര്‍ ഓലിയിടും. വസൂരിപിടിച്ച് മരിച്ചവരെ ദൂരെനിന്ന് പായയില്‍ പൊതിഞ്ഞ് കൊണ്ട് വന്ന് മണല്‍ത്തീരത്തു സംസ്‌ക്കരിക്കും. കുറച്ചു പുല്‍മേടുകള്‍. കുന്നുകള്‍. തിരയിറങ്ങിയാല്‍ വെയിലേല്ക്കുന്ന തീരം പഞ്ചസാര തൂകിയതു പോലെയാവും.
ചിലയിടങ്ങളില്‍ പാറക്കെട്ടുകള്‍ കടലിലേക്കു ഉന്തിനില്ക്കുന്ന മുനമ്പുകളായിരുന്നു. മുനമ്പിനു മുകളില്‍ നിന്ന് നോക്കിയാല്‍ താഴെ തിരകയറുന്ന പാറയിടുക്കുകള്‍. വാഴികള്‍. പടിഞ്ഞാറന്‍ ഭാഗത്ത് പാറയില്‍ നിഷ്‌കളങ്കേശ്വരന്‍ കോവില്‍.
പാറമുനമ്പുകള്‍ക്കു നടുവില്‍ കുളംപോലുള്ള കടല്‍. മണല്‍ത്തിട്ടകള്‍. അരയോളം വെള്ളത്തില്‍ അരക്കിലോമീറ്ററോളം കുളിക്കാനിറങ്ങാം.
ലെമൂറിയ ദ്വീപിലന്ന് ഏതാനും സമുദായങ്ങള്‍ പണിയെടുക്കാനായി കുടികള്‍ വച്ചു. അവര്‍ണ ഹിന്ദുസമുദായത്തില്‍ പെട്ടവര്‍. അയിത്തക്കാര്‍, അടിമകള്‍, അവകാശങ്ങളില്ലാത്തവര്‍, ഇരുണ്ടനിറമുള്ളവര്‍. അക്ഷരങ്ങളും പുസ്തകങ്ങളും കാണാത്തവര്‍.
അക്കൂട്ടത്തില്‍ രണ്ടു അധ:സ്ഥിതജാതിക്കാര്‍. കൂടുതലും ഈലന്‍ ജാതിക്കാര്‍. ഇക്കൂട്ടര്‍ അയിത്തം കല്പിച്ചിരുന്ന അതിലും താഴ്ന്ന ജാതിക്കാരായിരുന്നു പുനവര്‍. പിന്നെ ലത്തീന്‍ ക്രിസ്ത്യാനികള്‍. മുക്കുവജാതിക്കാര്‍. അവര്‍ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെ പോലെ പരസ്പരം സ്‌നേഹിച്ചു. എല്ലാം ദൈവത്തിന്റെ സൃഷ്ടിയാണെന്ന മതബോധനമാണ് അവരെ മറ്റുള്ളവരുമായി അടുപ്പിച്ചത്.
കൂടാതെ പ്രാര്‍ത്ഥനാനിര്‍ഭരരായ മുസ്ലീമുകളും. ഒരേ മനസ്സുള്ളവര്‍. രീതിയും ഭാഷയും വ്യത്യസ്തമെങ്കിലും ഏവരും ഏകദൈവ വിശ്വാസികള്‍.
അക്കാലം ബ്രിട്ടീഷുകാരായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. തിരുവിതാംകൂര്‍ രാജഭരണം ബ്രിട്ടീഷ് ഇന്ത്യയ്ക്കു കീഴിലായിരുന്നു. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് ആറാം വര്‍ഷം തിരുവിതാംകൂറിലെ മഹാമനസ്‌കനായ, പ്രജാതല്പരനായ മഹാരാജാവ് നാടുനീങ്ങി.
പിന്നെ രാജഭരണത്തിന്റെ അവകാശം മഹാറാണിയ്ക്കായി. റീജന്റ് മഹാറാണി. അതിനു കാരണം മഹാരാജാവ് നാടുനീങ്ങിയപ്പോള്‍ അനന്തരാവകാശിയ്ക്ക് പതിനെട്ട് വയസ്സു പൂര്‍ത്തിയായിരുന്നില്ല. അതിനാല്‍ അനന്തരാവകാശിയുടെ അമ്മയുടെ ചേച്ചി മൂപ്പനുസരിച്ച് റീജന്റെ് മഹാറാണിയായി.
പക്ഷെ, ലെമൂറിയ അപ്പോഴും തിരുവിതാംകൂര്‍ രാജഭരണത്തിന്റേയോ ബ്രിട്ടീഷ് ഇന്ത്യയുടെയോ കീഴിലുള്ള ഒരു പ്രദേശമല്ലായിരുന്നു. ഒരു രാജ്യത്തിന്റെയും ഭാഗമല്ലായിരുന്നു.
ആരും എത്തിനോക്കാനില്ലാത്ത, ഏതാനും കുടുംബങ്ങള്‍ കൂരകെട്ടി, കുടിയാന്മാരെ പോലെ പട്ടിണിയുമായി ജീവിക്കുന്ന തീരപ്രദേശം. സ്വതന്ത്രമായ ഒരു ചെറുദ്വീപ്. അതുകൊണ്ട് തന്നെ ഇന്ത്യാമഹാരാജ്യത്തിന്റെ നിയമങ്ങളൊന്നും ലെമൂറിയായില്‍ എത്തിയിരുന്നില്ല.
എങ്കിലും വടക്കേ ഇന്ത്യയില്‍ ശക്തിപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും വിവിധ പ്രസ്ഥാനങ്ങളും നേതാക്കളുമൊക്കെ ലെമൂറിയായില്‍ വിദേശികള്‍ വഴി പരന്നുകൊണ്ടിരുന്നു.
ഗീവര്‍ഗ്ഗീസിനു തൊണ്ടയിടറി. അടുക്കും ചിട്ടയുമില്ലാത്ത ഓര്‍ത്തെടുക്കല്‍. ചരടില്‍ മുത്ത്‌കോര്‍ക്കും പോലെ അതു കൃത്യമാവണമെന്നില്ല.
ചിത്രാ ജോസഫ് ബാഗില്‍ നിന്ന് ഒരു കുപ്പി വെള്ളമെടുത്ത് കുടിക്കാന്‍ സഹായിച്ചു.
നാലഞ്ചു കവിള്‍വെള്ളം കുടിച്ച ശേഷം ഒരു കവിള്‍ വെള്ളം കൊണ്ട് കുലുകുലുക്കി നീട്ടി തുപ്പി. എന്നിട്ട് മുഖം തുടച്ചു. വീണ്ടും നിശബ്ദനായി എന്തോ ഓര്‍ക്കാന്‍ ശ്രമിച്ചു. കുത്തഴിഞ്ഞ പുസ്തകത്തിലെ താളുകള്‍ വാരിക്കെട്ടി വച്ചതുപോലെയാണ് ഓര്‍മ്മകള്‍. മറഞ്ഞുപോയിരിക്കുന്നു, പലതും മാഞ്ഞുപോയിരിക്കുന്നു.
ചിത്രാ ജോസഫ് തന്റെ മൊബൈല്‍ ഫോണില്‍ ഗീവര്‍ഗ്ഗീസിന്റെ ഓര്‍മ്മകള്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നു.
ലെമൂറിയായില്‍ രാജസൈന്യത്തിന്റെയോ ബ്രിട്ടീഷ്‌സൈന്യത്തിന്റെയോ യുദ്ധപാളയങ്ങള്‍ ഉണ്ടായിരുന്നില്ല. ഇടയ്ക്കിടെ ഒരു കുതിരയോട്ടം. രാജകുടുംബം ലെമൂറിയാക്കാരില്‍ നിന്നും ഒരു കരവും പിരിച്ചിരുന്നില്ല. കൈവശാവകാശ രേഖയും നല്കിയില്ല.
കാരണം ലെമൂറിയ അക്കാലത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ളതായിരുന്നു. മറ്റെല്ലാ തുറയിലും പലതരം കരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവര്‍ണ്ണ ജാതിയിലുള്ള സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ വരെ നികുതി കൊടുക്കണമായിരുന്നു.
ലെമൂറിയായില്‍ കള്ളുചെത്ത്, മീന്‍പിടുത്തം, ഓലമെടയല്‍, പറമ്പില്‍ പണി, ചകിരികൊണ്ടുവന്ന് കൈകൊണ്ടു പിരിച്ച് കയറുണ്ടാക്കല്‍ ഇതൊക്കെയായിരുന്നു പുരുഷന്മാരുടെയും സ്ത്രീകളുടെയും മുഖ്യ ഉപജീവന മാര്‍ഗ്ഗങ്ങള്‍.
ലെമൂറിയ ദ്വീപിനടുത്തുള്ള പൂവന്‍ത്തുരുത്തിലും അങ്ങനെ തന്നെ പലതരം പണികള്‍. മൂവന്തിയാകുമ്പോള്‍ കുടുംബങ്ങള്‍ വള്ളങ്ങളിലും വഞ്ചികളിലുമായി കായലിനു പടിഞ്ഞാറുള്ള കുടികളിലേക്ക് മടങ്ങും. സൂര്യനുദിക്കും മുമ്പേ പണിതുടങ്ങുന്നവര്‍.
സൂര്യനസ്തമിച്ചാല്‍ ഉറങ്ങാന്‍ കിടക്കുന്നവര്‍. കാരണം അവര്‍ക്ക് തണ്ടുവിളക്കുകള്‍ ഇല്ലായിരുന്നു. നല്ലെണ്ണയും ഇല്ലായിരുന്നു.
മീനും കള്ളും വാറ്റുചാരായവും കയറും മെടഞ്ഞഓലയും വിറ്റ് അവര്‍ വസ്ത്രങ്ങള്‍ വാങ്ങിച്ചു. ഗാന്ധിയുടെ ‘സ്വദേശി’ പ്രസ്ഥാനം പിന്തുടര്‍ന്ന് ചര്‍ക്കകളില്‍ നൂലുണ്ടാക്കി.
തറികളിലിട്ട് ഖാദി വസ്ത്രങ്ങളുണ്ടാക്കിയതു മാത്രം സ്ത്രീപുരുഷന്‍മാര്‍ ധരിച്ചു. പക്ഷെ ഇന്ത്യാവന്‍കരയിലോ തിരുവിതാംകൂര്‍ രാജ്യത്തോ അതുടുക്കുന്നത് വലിയ നിയമലംഘനമായിരുന്നു. ഗാന്ധി ആഹ്വാനം ചെയ്ത സിവില്‍ നിയമലംഘനത്തില്‍ പങ്കെടുക്കുമ്പോള്‍ മേലധികാരികളുടെ ശിക്ഷാനടപടികളും ഏറ്റുവാങ്ങണം. പക്ഷെ
ലെമൂറിയായില്‍ അതൊന്നുമുണ്ടായിരുന്നില്ല.
ഒരു ചെറിയ കലാപം മാത്രമുണ്ടായി.
ഒരു അവര്‍ണ്ണ സ്ത്രീയുടെ നഗ്നമായ മുലയില്‍ വേറൊരു സമുദായക്കാരന്‍ പ്രേമപൂര്‍വ്വം ചുംബിച്ചു. അതോടെ സമുദായങ്ങള്‍ ഇളകി മറിഞ്ഞു. പരസ്പരം കത്തികളും കോടാലികളും വാളുകളും എടുത്തു.
(തുടരും)