ലോകത്ത് നടക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളുടെ ഒരു അവലോകനത്തിന്റെ പംക്തിയാണിത്. അനുദിനം ലോകത്ത് ധാരാളം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും എല്ലാവരെയും ബാധിക്കുകയോ ലോകത്തുള്ള ജനങ്ങളുടെ മന:സാക്ഷിയെ ആശങ്കപ്പെടുത്തുകയോ ചെയ്യുന്നില്ല. ലോകത്ത് എന്ത് സംഭവിച്ചാലും എനിക്കൊന്നുമില്ല എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ കോവിഡ് പോലെയുള്ള മഹാമാരികളും, വലുതും ചെറുതും ആയുള്ള യുദ്ധങ്ങളും കലാപങ്ങളും മറ്റുള്ളവരെയും ബാധിക്കുന്നതാണ്. ഈ ലേഖനത്തില്‍ മണിപ്പൂര്‍ കലാപത്തെ കുറിച്ചാണ് ഞാന്‍ എഴുതുന്നത്
മണിപ്പൂരില്‍ വലിയ കലാപം നടക്കുന്നതായി മിക്ക ആളുകള്‍ക്കും അറിയാം. പക്ഷേ കലാപത്തിനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് പലര്‍ക്കും വ്യക്തമല്ല. മെയ് മൂന്നിനാണ് മണിപ്പൂരിലെ വംശീയ കലാപം ആരംഭിച്ചത്. മണിപ്പൂരില്‍ ഉള്ള മെയ്‌തെയികളും കുക്കികളും തമ്മിലുള്ള സംഘര്‍ഷമാണ് നടക്കുന്നത്. കേന്ദ്രത്തിന് പോലും പ്രശ്‌നം പരിഹരിക്കാനോ അടിച്ചമര്‍ത്താനും സാധിക്കുന്നില്ല. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? എന്താണ് പ്രധാന കാരണങ്ങള്‍, അതിനെ കുറിച്ചുള്ള ചില കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.
തീവ്രവാദം മാര്‍ഗ്ഗമായി സ്വീകരിച്ച ഒരു വിഭാഗം ആദിവാസികളും ദേശീയത കൈവിടാത്ത മറ്റൊരു വിഭാഗം ആദിവാസികളും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. സംവരണ പ്രശ്‌നം കലാപങ്ങള്‍ക്ക് ഒരു കാരണമായെങ്കിലും അടിസ്ഥാന വിഷയം തീവ്രവാദം തന്നെയാണ്.
ഭൂമിശാസ്ത്രപരമായ മണിപ്പൂര്‍ സംസ്ഥാനത്തെ ഇംഫാല്‍ താഴ്‌വരയും കുന്നുകളും ആയി രണ്ടായി വിഭജിച്ചിരിക്കുന്നു. 60% ജനസംഖ്യയുള്ള മെയ്‌തേയികള്‍ ഇംഫാല്‍ താഴ്‌വരയിലും 40% ജനസംഖ്യയുള്ള കുക്കികളും നാഗകളും കുന്നുകളിലും ആണ് അധിവസിക്കുന്നത്. മണിപ്പൂരിന്റെ 90% സ്ഥലം കുന്നുകളും 10 ശതമാനം താഴ്‌വരകളുമാണ്. വികസനങ്ങളും ജീവിത നിലവാരവും നല്ല നിലയില്‍ ഉള്ളത് താഴ്‌വരകളിലാണ്. കൊന്നുകളിലെ ജീവിതനിലവാരം ദുരിത പൂര്‍ണ്ണമാണ്. കുന്നുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ഗോത്ര വിഭാഗക്കാര്‍ക്കാണ്. എന്നാല്‍ ഇംഫാല്‍ താഴ്‌വരയില്‍ അവര്‍ക്ക് വസ്തു വാങ്ങുന്നതിന് തടസ്സമില്ല. സംസ്ഥാനത്തെ 90% ഭൂമി കൈവശം വയ്ക്കുന്നതുകൂടാതെ ഇംഫാല്‍ താഴ്‌വരയിലേക്കും കുക്കികള്‍ കുടിയേറാന്‍ തുടങ്ങിയത് കലാപത്തിന് ഒരു കാരണമായി.
മ്യാന്‍മറിലുള്ള കുക്കി ഗോത്രങ്ങള്‍ മണിപ്പൂരിലേക്ക് കൂടിയേറിയതോടെ പ്രശ്‌നങ്ങള്‍ ആളിക്കത്തി. ഇത്തരത്തില്‍ അതിര്‍ത്തി കടന്നുവന്ന കുക്കികളും മണിപ്പൂരില്‍ ഉള്ള കുക്കികളും തങ്ങളുടെ വിവിധ സ്രോതസ് കയ്യടക്കുന്നതായി മെയ്‌തേയികള്‍ ആരോപിച്ചു. ജനപ്പെരുപ്പം താഴ്‌വരയില്‍ വര്‍ദ്ധിച്ചതോടെ കുന്നുകളില്‍ തങ്ങള്‍ക്കും അവകാശം വേണമെന്ന് മെയ്‌തേയികളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. കുക്കി വിഭാഗത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം മെയ്‌തേയി വിഭാഗക്കാരില്‍ അസ്വസ്ഥത സൃഷ്ടിച്ചു. മണിപ്പൂരിലെ പ്രധാനപ്പെട്ട ജോലികള്‍ കുക്കികള്‍ക്കാണ് ലഭിച്ചത്. താഴെ തട്ടിലുള്ള ജോലിക്കാരില്‍ ഭൂരിപക്ഷവും മെയ് തേയികളാണ്. ഈ വേര്‍തിരിവ് മെയ്‌തേയികളുടെ ഇടയില്‍ പ്രശ്‌നത്തിന് കാരണമായി.
മെയ്‌തേയി വിഭാഗത്തിലെ തീവ്രവാദ ഗ്രൂപ്പാണ് ഈ കലാപം ആളികത്തിച്ചത്. അവര്‍ക്ക് കലാപത്തില്‍ വലിയ പങ്കാണുള്ളത്. അവര്‍ ക്രിസ്തീയ ദേവാലയങ്ങള്‍ നശിപ്പിച്ചു. ക്രിസ്തുമതം പുരാതന വര്‍ഗ്ഗമായ മെയതേയി വിഭാഗത്തെ നശിപ്പിക്കുന്നതായി അവര്‍ ആരോപിച്ചു. മെയിതേയികളില്‍ ചെറിയ ഒരു വിഭാഗം ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ്. എന്നാല്‍ മെയ്‌തേയികളില്‍ ഭൂരിപക്ഷവും പ്രകൃതിയെ ആരാധിക്കുന്നവരാണ്. മണിപ്പൂര്‍ ജനത ഹിന്ദു സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് മുമ്പുണ്ടായിരുന്ന മെയ്തി സനാമിഹസം അഥവാ പ്രകൃതി ആരാധനയ്ക്ക് വേണ്ടി ഒരു വിഭാഗം ശ്രമിച്ചു.
മെയ്‌തേയി വിഭാഗത്തിന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരാന്‍ സിംഗിന്റെ പിന്തുണ ഉണ്ടെന്നു പറയുന്നു. ജനസംഖ്യയില്‍ ഭൂരിപക്ഷവും മെയിതേയികള്‍ ആയതു കൊണ്ടായിരിക്കാം മുഖ്യമന്ത്രി അവരെ പിന്തുണയ്ക്കുന്നത്. കറുത്ത വസ്ത്രം ധരിച്ച ആരംഭായികളാണ് ഇംഫാല്‍ താഴ്‌വരയിലുള്ള ക്രിസ്തീയ ദേവാലയങ്ങളും വീടുകളും നശിപ്പിച്ചതെന്ന് മെയ്‌തേയികളും സമ്മതിക്കുന്നു. ചരിത്രപരമായി മെയ്‌തേയികള്‍ പോരാളികളാണ്. അവര്‍ ആയുധ പരിശീലനവും നടത്തിയിരുന്നു.
പതിറ്റാണ്ടുകളായി മരവിച്ചിരുന്ന ചില നിയമങ്ങള്‍ ഉരുക്ക് മുഷ്ടിയോടെ മുഖ്യമന്ത്രി ബീരാന്‍ സിംഗ് നടപ്പിലാക്കിയത് പ്രശ്‌നം വഷളാക്കി. കുക്കി ഗോത്രങ്ങളെ അത് ചൊടിപ്പിച്ചു. മെയ്‌തേയി വിഭാഗങ്ങള്‍ക്ക് ഗോത്ര വിഭാഗമായ കുക്കികള്‍ താമസിക്കുന്ന സ്ഥലത്തേക്ക് കുടിയറാനുള്ള ശ്രമമായി കുക്കികള്‍ മനസ്സിലാക്കി. കുക്കികളെയും മിസോകളേയും കുന്നുകളില്‍ നിന്നും ഇറക്കിവിട്ടത് സമ്മതിക്കുകയില്ലെന്ന് കുക്കികള്‍ വാദിച്ചു. സംരക്ഷിത മേഖലകള്‍ ആണെന്ന് പറഞ്ഞ സര്‍ക്കാര്‍ കുക്കി ഗ്രാമങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തു. കുക്കി ഗ്രാമങ്ങള്‍ വ്യാപകമായ നിയമവിരുദ്ധമായിരുന്ന പോപ്പി കൃഷികള്‍ സര്‍ക്കാര്‍ കൂട്ടത്തോടെ നശിപ്പിക്കുകയും ചെയ്തു. അതുപോലെ മ്യാന്‍മറില്‍ നിന്നുവന്ന കുക്കി കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിച്ചു.
വംശീയകലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് 150 കടന്നു. കലാപം 60,000 പേരെ ബാധിച്ചു. സൈന്യം ഇറങ്ങിയെങ്കിലും കലാപത്തെ പൂര്‍ണ്ണമായി അടിച്ചമര്‍ത്താനോ സര്‍ക്കാരിന് കാര്യങ്ങള്‍ പരിഹരിക്കാനോ സാധിച്ചില്ല.
മണിപ്പൂരില്‍ നടക്കുന്നത് ജനങ്ങള്‍ കരുതുന്നത് പോലെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഉള്ള സംഘര്‍ഷം അല്ലെന്നും ഭൂമി, വിഭവങ്ങള്‍, ഭീകരവാദികള്‍ തുടങ്ങിയ ഘടകങ്ങളാണ് ഈ കലാപത്തിന് പിന്നില്‍. മണിപ്പൂരിലെ തദ്ദേശീയരായ ജനവിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുള്ള അവിശ്വാസം പരിഹരിക്കപ്പെടുന്നതിന് സര്‍ക്കാര്‍ എല്ലാ വിഭാഗക്കാരുമായി ചര്‍ച്ചകള്‍ നടത്തണം.