മണർകാട്: മധുരം നിറഞ്ഞ ദാമ്പത്യത്തിന്റെ 75ാം സ്നേഹ വർഷം പിന്നിടുകയാണ് മണർകാട് പള്ളി വികാരി ഇട്ട്യാടത്ത് കുര്യാക്കോസ് കോറെപ്പിസ്കോപ്പയും (95) ഭാര്യ ഒറവക്കൽ അന്നമ്മയും (93).1949 ഫെബ്രുവരി 12നാണ് ശെമ്മാശനായിരുന്ന ഇട്ട്യാടത്ത് കുര്യാക്കോസും ഒറവക്കൽ അന്നമ്മയും മണർകാട് പള്ളിയിൽ പൗലോസ് മാർ പീലക്സിനോസിന്റെ കാർമികത്വത്തിൽ വിവാഹിതരായത്.
അന്നമ്മയ്ക്ക് വിവാഹ വേഷം ചട്ടയും മുണ്ടും കുര്യാക്കോസിന് വൈദികരുടെ കുപ്പായവും. മണർകാട് പള്ളി പരിസരത്ത് ഗവ പ്രൈമറി സ്കൂളും സെന്റ് മേരീസ് ആശുപത്രിയുമുണ്ട്. ടൗണിൽ ചെറിയ 2 ചായക്കടകളും മാത്രം. വിവാഹം നടക്കുന്ന സമയത്ത് കുര്യാക്കോസിന് പ്രായം 20. അന്നമ്മയുടെ പ്രായം 18. ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതായിരുന്നു വിവാഹം.
ഇരുവരും പഠിച്ചത് പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിലാണ്. അന്ന് ഇരുവരും കണ്ടിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഒരുമിക്കുമെന്ന് കരുതിയിരുന്നില്ല. 1957ൽ കുര്യാക്കോസിന് കശീശ പട്ടം ലഭിച്ചു. അന്ന് മുതൽ സഹവികാരിയായും 2007 മുതൽ വികാരിയായും മണർകാട് പള്ളിയിൽ സേവനം ചെയ്യുന്നു. തിരുവാർപ്പ്, കാരാട്ടുകുന്നേൽ, പാമ്പാടി, നാട്ടാശേരി, നാലുന്നാക്കൽ, പൊൻകുന്നം ഏറികാട്, തൂത്തൂട്ടി പള്ളികളിലും വികാരിയായി സേവനം ചെയ്തു. 1993ൽ സഭ കോറെപ്പിസ്കോപ്പ സ്ഥാനം നൽകി. അമയന്നൂർ ഹൈസ്കൂളിലും മണർകാട് ഹൈസ്കൂളിലും അധ്യാപക ജോലിയും ചെയ്തിട്ടുണ്ട്. അന്നമ്മ വനിതാ സമാജത്തിന്റെ സജീവ പ്രവർത്തകയായിരുന്നു.
രാവിലെ 5.30ന് എഴുന്നേറ്റ് പ്രാർഥന, കുളി കഴിഞ്ഞ് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് ചപ്പാത്തി, 4ന് കാപ്പി, പിന്നെ വിശ്രമവും അത്താഴവും ഇങ്ങനെയാണ് രണ്ടു പേരുടെയും ദിനചര്യ.മക്കൾ. തോമസുകുട്ടി, ബേബിച്ചൻ, മോൾ, കൊച്ചുമോൾ, കൊച്ചുമോൻ. മരുമക്കൾ. ലൈലമ്മ, ജീജ, ബീന, സുകു, നൈബി. 12 കൊച്ചുമക്കളും12 പേരക്കുട്ടികളുമുണ്ട്.