എരുമേലി: മാവു കുഴച്ചു പരുവമാക്കി, ഉരുളകളാക്കി, പിന്നെ പരത്തി, അന്തരീക്ഷത്തിലേക്കു വീശി, ചുഴറ്റി വൃത്തത്തിലേക്കൊതുക്കി, വീണ്ടും പരത്തി, ചൂടുള്ള അപ്പക്കല്ലിലേക്കിടുന്നതും വെന്തു കഴിയുമ്പോള്‍ ഒന്നൂടെ ഇടിച്ചു പരുവമാക്കി പൊറോട്ട അടിക്കുകയാണ് നിയമ വിദ്യാര്‍ത്ഥിനിയായ അനശ്വര. കുറുവാമുഴി കവലയിലെ ആര്യ ഹോട്ടലില്‍ മൊരിയുന്ന പൊറോട്ട തേടി ആളുകള്‍ എത്തുന്നതിനു കാരണം രുചി മാത്രമല്ല. എല്‍എല്‍ബി വിദ്യാര്‍ഥിനിയായ അനശ്വരയാണ് ഇവിടുത്തെ പൊറോട്ട മേക്കര്‍. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പൊറോട്ട ഉണ്ടാക്കാന്‍ തുടങ്ങിയതാണ് അനശ്വര.
സഹായികളായി ബന്ധുക്കള്‍ കൂടെയുള്ളതിനാല്‍ പൊറോട്ട നിര്‍മാണത്തിന്റെ “നിയമവശങ്ങള്‍’ എല്ലാവരും കൂടിയങ്ങു കണ്ടെത്തും. നല്ല മൊരിഞ്ഞ പൊറോട്ട തയാറാക്കുന്നത് അനശ്വരയും ബന്ധുക്കളായ മാളവിക, അനാമിക എന്നിവരും ചേര്‍ന്നാണ്. പോറോട്ട കസ്റ്റമറുടെ മുന്‍പിലേക്കു വിളമ്പുന്നതും ഈ മൂവര്‍ സംഘം. അനശ്വരയുടെ അമ്മ സുബിയാണ് പൊറോട്ട നിര്‍മാണത്തില്‍ ഗുരു. സുബിയുടെ സഹോദരപുത്രന്‍ പ്രഭുലും സഹായത്തിനുണ്ട്.
കുറുവാമൂഴിയില്‍ 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ തുടക്കക്കാരന്‍ അനശ്വരയുടെ വല്യച്ഛനായ കുട്ടപ്പനാണ്. 8 വര്‍ഷം മുന്‍പ് അദ്ദേഹം മരിച്ചു. തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലാണ് അനശ്വര പഠിക്കുന്നത്. കോളജിലെ കൂട്ടുകാര്‍ക്കെല്ലാം അനശ്വരയുടെ പൊറോട്ട നിര്‍മാണത്തെക്കുറിച്ചറിയാം. ദിവസേന 110 കിലോമീറ്റര്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചാണ് ക്ലാസ് നടന്നിരുന്ന സമയത്ത് അനശ്വര പഠനം കൊണ്ടുപോയത്. അതിനിടെയാണു രാവിലെയും വൈകിട്ടുമുള്ള പൊറോട്ട തയാറാക്കല്‍.
അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ അനശ്വരയുടെ പൊറോട്ടയടി വൈറലായി. https://www.youtube.com/embed/CAykdEgmkSc