കൊച്ചി: ഭാരതത്തിലെ പ്രധാന ക്രൈസ്തവ സഭകളിലെ ഔദ്യോഗിക സംഘടനകളും സഭാതല അല്‍മായ നേതാക്കളും പങ്കെടുത്ത സംയുക്ത ക്രൈസ്തവ ഐക്യ നേതൃ സമ്മേളനം താമരശ്ശേരി രൂപത മെത്രാനും കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റും ആയ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദഘാടനം ചെയ്തു.
വിവിധ ക്രൈസ്തവ സഭകളിലെ അല്‍മായ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യം ആണെന്നും ഒന്നിച്ച് നിലകൊള്ളാന്‍ കടപ്പെട്ടവരാണ് ക്രൈസ്തവ വിഭാഗങ്ങള്‍ എന്നും ബിഷപ്പ് പറഞ്ഞു. തുല്ല്യ നീതിക്കായി ഒന്നിച്ചു പോരാടാന്‍ ബിഷപ്പ് വിവിധ സഭാ നേതാക്കളെ ആഹ്വനം ചെയ്തു.
കാലിക സമൂഹത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി. ഐക്യത്തിന്റേയും കൂട്ടായ്മയുടെയും പാതയില്‍ ഒറ്റക്കെട്ടായി മുന്‍പോട്ട് പോകണമെന്ന് യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു.
സീറോ മലബാര്‍ സഭ, ലത്തീന്‍ സഭ, മലങ്കര സഭ, യാക്കോബായ സഭ, ഓര്‍ത്തഡോക്‌സ് സഭ, മാര്‍ത്തോമ്മ സഭ, കല്‍ദായ സഭ തുടങ്ങിയ സഭകളിലെ നേതൃ പ്രതിനിധികള്‍ പ്രഥമ യോഗത്തില്‍ പങ്കെടുത്തു.
ന്യുനപക്ഷ അവകാശ പോരാട്ടങ്ങളിലും പരിവര്‍ത്തിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും പൊതു പ്രശ്‌നങ്ങളിലും സഹകരിച്ചു ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുവാന്‍ യോഗം തീരുമാനിച്ചു.
എല്ലാ സഭകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം ചീഫ് കോര്‍ഡിനേറ്റര്‍ ആയി യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് എന്ന പേരില്‍ ഏകോപന സമിതിക്ക് രൂപം നല്‍കി.
കൂടുതല്‍ ഇതര സഭാ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി കൂട്ടായ പ്രവര്‍ത്തനം ശക്തിപെടുത്തുവാനും യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രധാന മന്ത്രിയെയും, മുഖ്യമന്ത്രിയെയും കണ്ട് ന്യുനപക്ഷ വിഷയങ്ങള്‍ അവതരിപ്പിക്കുവാനും പൊതു അപ്പീല്‍ സമര്‍പ്പിക്കാനും തീരുമാനിച്ചു. ജെ.ബി. കോശി കമ്മീഷന്‍ മുമ്പാകെ സംയുക്ത നിവേദനം സമര്‍പ്പിക്കുവാനും യോഗം തീരുമാനിച്ചു .
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗ്ലോബല്‍ ഡയറക്ടര്‍ ഫാ ജിയോ കടവി, ഓര്‍ത്തഡോക്‌സ് കണ്ടനാട് ഭദ്രാസനം സെക്രട്ടറി ഫാ എബ്രഹാം കാരമയില്‍, യാക്കോബായ സഭ അല്‍മായ സെക്രട്ടറി കമാന്‍ഡര്‍ ഷാജി ചൂണ്ടയില്‍, മാര്‍ത്തോമാ സഭാ ട്രസ്റ്റീ പി കെ അച്ചന്‍കുഞ്ഞ്, കേരള കത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് പി കെ. ജോസഫ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, മലങ്കര കാത്തലിക് അസോസിയേഷന്‍ സഭാ തല സെക്രട്ടറി വി. സി ജോര്‍ജുകുട്ടി, കല്‍ദായ സഭാ ബോര്‍ഡ് ട്രസ്റ്റീ വൈസ് ചെയര്‍മാന്‍ ഡോ. റിഷി ഇമ്മട്ടി, പീറ്റര്‍ കെ ഏലിയാസ്, അഡ്വ. ബോബന്‍ വര്‍ഗീസ് (യാക്കോബായ സഭ) ഡോ. എം ഇ കുര്യക്കോസ് (ഓര്‍ത്തഡോക്‌സ് സഭ), റവ. സിസ്റ്റര്‍ ജിന്‍സി (കല്‍ദായസഭ), കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശ്ശേരി, മാതൃവേദി പ്രസിഡന്റ് ഡോ. റീത്താമ്മ ജെയിംസ്, കെ സി എഫ് ട്രഷറര്‍ അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട്, എസ് .എം സി.സി., യു.എസ്.എ. ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍, സീറോ മലബാര്‍ സഭാ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍, എസ് എം സി എ മുസാഫാ പ്രസിഡന്റ് ബിജു ഡൊമിനിക്, ജോസഫ് മാത്യു (സിംഗപൂര്‍), ജോബി നീണ്ടുകുന്നേല്‍ (ഡെല്‍ഹി), കത്തോലിക്കാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ടെസ്സി ബിജു, ഡോ. ജോസ്കുട്ടി ഒഴുകയില്‍, സെക്രട്ടറി ബെന്നി ആന്റണി, മാതൃവേദി, പ്രോ ലൈഫ്, കെ സി വൈ എം, എസ് വൈ എം, സി.എം.എല്‍, സി.എല്‍.സി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.