റിയാദ്: കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തില്‍ മരിച്ച നഴ്‌സുമാരായ കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ്, തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോയി. ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് എത്തും. എത്തിഹാദ് വിമാനത്തില്‍ നജ്‌റാനില്‍ നിന്ന് അബുദാബി വഴിയാണ് നാട്ടില്‍ എത്തിക്കുന്നത്.
പ്രതിഭ സാംസ്കാരിക വേദി നജ്‌റാന്‍ കേന്ദ്ര കമ്മിറ്റി റിലീഫ് കണ്‍വീനറും, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മിറ്റി വെല്‍ഫെയര്‍ അംഗവുമായ അനില്‍ രാമചന്ദ്രന്‍, പ്രതിഭ ഖലാദിയ യൂണിറ്റ് അംഗം അബ്ദുല്‍ഗഫൂര്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗം ഡോ. ആലീം ശര്‍മ, കോണ്‍സുലേറ്റ് ട്രാന്‍സിലേറ്റര്‍ ആസിം അന്‍സാരി എന്നിവര്‍ കൂട്ടായി പരിശ്രമിച്ചതിനൊടുവിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്. അനില്‍ രാമചന്ദ്രന്റെ പേരില്‍ പവര്‍ ഓഫ് ആറ്റോര്‍ണി നല്‍കി നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.
താര്‍ ട്രാഫിക് പോലീസ് മേധാവി, നജ്‌റാന്‍ ഗവര്‍ണറേറ്റ് ഉദ്യോഗസ്ഥര്‍ , കിംഗ് ഖാലിദ് ഹോസ്പിറ്റല്‍ ഉദ്യോഗസ്ഥര്‍, നജ്‌റാന്‍ റീജന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സൗദി സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ ഇവരുടെയെല്ലാം പിന്തുണയും ഉണ്ടായിരുന്നു.
നോര്‍ക്ക് ഡയറക്ടര്‍ ഹരികൃഷ്ണന്‍ നമ്പൂതിരി ഇടപെട്ട് തിരുവനന്തപുരത്ത് നിന്ന് വീടുവരെ മൃതദേഹങ്ങള്‍ എത്തിക്കാന്‍ ആംബുലന്‍സും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് പ്രതിഭ കേന്ദ്രകമ്മിറ്റി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നജ്‌റാന്‍ കിംങ് ഖാലിദ് ആശുപതിയിലെ നഴ്‌സുമാരായിരുന്ന ഷിന്‍സിയും അശ്വതിയും സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം.