കൊല്ലം : കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പേഴുവിളവീട്ടില്‍ രേഷ്മ(22)യെയാണ് പാരിപ്പള്ളി പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ വീട്ടുപുരയിടത്തിലെ കരിയിലക്കൂട്ടത്തില്‍ ജനുവരി അഞ്ചിന് പുലര്‍ച്ചെയാണ് ജനിച്ച് അധികസമയമാകാത്ത ആണ്‍കുഞ്ഞിനെ അവശനിലയില്‍ കണ്ടെത്തിയത്.
സാഹചര്യത്തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്ന സംഭവത്തില്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയിലേക്കെത്തിയത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോകുന്നതിനായി നവജാതശിശുവിനെ ഉപേക്ഷിച്ചു എന്നാണ് രേഷ്മയുടെ മൊഴി. ജനുവരി നാലിന് രാത്രി എട്ടരയോടെ വീടിനുപുറത്തുള്ള ശൗചാലയത്തില്‍െവച്ച് പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. രേഷ്മയുടെ ജ്യേഷ്ഠത്തി രശ്മിയാണ് അഞ്ചിന് രാവിലെ ആറുമണിയോടെ വീടിനുസമീപത്ത് കുഞ്ഞിനെ കണ്ടത്.
ഇവര്‍ അറിയിച്ചതനുസരിച്ച് രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവാണ് പോലീസിനെ വിവരമറിയിച്ചതും കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചതും. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി.യിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
കുഞ്ഞിന്റെ അമ്മയെത്തേടി വിഷ്ണുവടക്കം അലയുമ്പോഴും ഒരു ഭാവഭേദവും പ്രകടിപ്പിക്കാതെ ഇവര്‍ക്കൊപ്പം രേഷ്മയും ഉണ്ടായിരുന്നു. രേഷ്മ ഗര്‍ഭിണിയാണെന്ന വിവരംപോലും മറ്റാര്‍ക്കും അറിയാത്തതിനാല്‍ ആരും സംശയിച്ചിരുന്നില്ല. ഒട്ടേറെപ്പേരെ ചോദ്യംചെയ്യുകയും പോലീസ് നായയും ഫൊറന്‍സിക് വിദഗ്ധരും പരിശോധനനടത്തുകയും ചെയ്തിരുന്നു.
കുഞ്ഞിനെ കാണപ്പെട്ട പറമ്പിന്റെ ഉടമകളായ രേഷ്മയുടെ കുടുംബത്തെ സംശയമുണ്ടായിരുന്നു. മൂന്നുതവണ ഇവരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഡി.എന്‍.എ. പരിശോധനയാണ് കേസില്‍ വഴിത്തിരിവായത്. കുഞ്ഞിന്റെയും രേഷ്മയും കുടുംബാംഗങ്ങളും അടക്കമുള്ളവരുടെയും ഡി.എന്‍.എ. ശേഖരിച്ചിരുന്നു.
ഇതിന്റെ പരിശോധനാഫലം തിങ്കളാഴ്ച വൈകീട്ടോടെയാണ് പോലീസിനു ലഭിച്ചത്. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ രേഷ്മയെയും മാതാപിതാക്കളെയും പാരിപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂര്‍ എ.സി.പി. വൈ.നിസാമുദ്ദീന്‍, പാരിപ്പള്ളി എസ്.എച്ച്.ഒ. ടി.സതികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ രേഷ്മ കുറ്റംസമ്മതിക്കുകയായിരുന്നു.
ഭര്‍ത്താവ് ജോലിക്കുപോകുന്ന സമയത്ത് രേഷ്മ സാമൂഹികമാധ്യമത്തിലൂടെ കൊല്ലം സ്വദേശിയുമായി ആശയവിനിമയം നടത്തുക പതിവായിരുന്നു. മൂന്നുവയസ്സുള്ള ഒരു പെണ്‍കുഞ്ഞിന്റെ അമ്മകൂടിയായ രേഷ്മ, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചുചെന്നാല്‍ വിവാഹം കഴിച്ചുകൊള്ളാമെന്ന് അയാള്‍ വാക്കുനല്‍കി. കാമുകനൊപ്പം പോകുന്നതിന് തയ്യാറെടുക്കവെയാണ് രേഷ്മ രണ്ടാമതും ഗര്‍ഭിണിയായത്. ഗര്‍ഭവും കുഞ്ഞും പുതിയബന്ധത്തിന് തടസ്സമാകുമെന്നുകണ്ടാണ് ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവില്‍നിന്നുപോലും മറച്ചുെവച്ചതെന്ന് രേഷ്മ പോലീസിനോടുപറഞ്ഞു.
വൈദ്യപരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് കൊല്ലത്തെ താത്കാലിക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രേഷ്മയുടെ ബന്ധുക്കള്‍ക്ക് കേസില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. വിഷ്ണു ഇപ്പോള്‍ വിദേശത്താണ്.