ആലപ്പുഴ: വള്ളികുന്നത്ത് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുചിത്രയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം. സുചിത്രയുടെ മരണത്തില്‍ സൈനികനായ ഭര്‍ത്താവ് വിഷ്ണുവിനെതിരെ കുടുംബം കരസേനയ്ക്കും പരാതി നല്‍കി.
ഭര്‍ത്താവിന്‍റെ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു 19 വയസ്സുകാരി സുചിത്രയുടെ മൃതദേഹം. കട്ടിലില്‍ ഉണ്ടായിരുന്ന മെത്തയുടെ മുകളില്‍ പ്ലാസ്റ്റിക് സ്റ്റൂള്‍ വച്ച് കയറി കുരുക്കിട്ടെന്നായിരുന്നു നിഗമനം. ഇതിലാണ് കുടുംബത്തിന്‍റെ സംശയം. എന്നാല്‍, തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കൊല്ലത്തെ വിസ്മയയുടെ മരണവാര്‍ത്ത കണ്ടു വിളിച്ചപ്പോഴും അങ്ങനെയൊന്നും ചെയ്യില്ലെന്നും സൈനികനായ ഭര്‍ത്താവിനൊപ്പം ജോലി സ്ഥലത്തേക്ക് പോകാന്‍ കാത്തിരിക്കുകയാണെന്നും സുചിത്ര പറഞ്ഞിരുന്നതായും കുടുംബം പറയുന്നു.
വിഷ്ണുവിന് നേരത്തേ ഉറപ്പിച്ചിരുന്ന ഒരു വിവാഹം മുടങ്ങിയിരുന്നു. കല്യാണത്തിന് ഓഡിറ്റോറിയം ബുക്ക് ചെയ്യുകയും വിവാഹ വസ്ത്രങ്ങള്‍ വാങ്ങുകയും ചെയ്ത ശേഷം 80 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും സ്ത്രീധനം ആവശ്യപ്പെട്ടതോടെ പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.
സുചിത്രയുടെ പിതാവും സൈനികനാണ്. ലഡാക്കിലെ ഓഫിസര്‍ കമാന്‍ഡിനും, വിഷ്ണു ജോലി ചെയ്യുന്ന സ്ഥലത്തെ കമാന്‍ഡിങ് ഓഫിസര്‍ക്കും സുചിത്രയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്.