കോട്ടയം: അമേരിക്കയിലും കാനഡയിലുമുള്ള ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ)യുടെ ആഭിമുഖ്യത്തില്‍ കോവിഡ് കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി ആരംഭിച്ചു.
കോട്ടയം അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്കൂളുകളിലെയും 8 മുതല്‍ 12-ാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്ന പദ്ധതിക്കാണ് കെ.സി.സി.എന്‍.എ. രൂപം നല്‍കിയിരിക്കുന്നത്.
കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് ഫോണ്‍ ഫോര്‍ കേരള എന്ന പേരില്‍ നടത്തുന്ന ഈ സേവന പദ്ധതിയിലൂടെ ഏകദേശം 500 സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഹൈസ്കൂളില്‍ വെച്ച് തോമസ് ചാഴികാടന്‍ എം.പി. നിര്‍വഹിച്ചു.
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.സി.സി.എന്‍.എ. ട്രഷറര്‍ ജെയ്‌മോന്‍ കട്ടിണശ്ശേരിയില്‍ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ഉഴവൂര്‍ ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സാബു കോയിത്തറ, റിനി വില്‍സണ്‍, തങ്കച്ചന്‍ കെ.എം., സിറിയക് കല്ലട, വിനീത് കടുതോടില്‍ എന്നിവര്‍ പ്രസംഗിച്ചു.
സിറിയക് കൂവക്കാട്ടില്‍ (പ്രസിഡന്റ്), ജോണ്‍ കുസുമാലയം (വൈസ് പ്രസിഡന്റ്), ലിജോ മച്ചാനിക്കല്‍ (ജന.സെക്രട്ടറി), ജിറ്റി പുതുക്കേരില്‍ (ജോയിന്റ് സെക്രട്ടറി), ജയ്‌മോന്‍ കട്ടിണശ്ശേരി (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവിന്റെ ഈ ജീവകാരുണ്യപ്രവര്‍ത്തനത്തിന് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും നന്ദി രേഖപ്പെടുത്തുകയും കെ.സി.സി.എന്‍.എ.യെയും അതിന്റെ അംഗ സംഘടനകളെയും യോഗത്തില്‍ അഭിനന്ദിക്കുകയും ചെയ്തു.
റിപ്പോര്‍ട്ട്: രാജു ആലപ്പാട്ട്
