തൃശൂര്‍ : പൊലീസുകാരുടെ സല്യൂട്ട് കിട്ടുന്നില്ലെന്ന് പരിഭവം പറഞ്ഞ മേയര്‍ക്ക് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ ബിഗ് സല്യൂട്ട്. ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയ്ക്കിടെയാണ് മേയറെ ചേംബറിലെത്തി വളഞ്ഞു വച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്റെ നേതൃത്വത്തില്‍ സല്യൂട്ട് അടിച്ചത്.
എന്നാല്‍ തന്നെ സല്യൂട്ട് അടിച്ച് ‘അഭിവാദ്യം’ ചെയ്ത പ്രതിപക്ഷത്തിന് മേയറും തിരിച്ച് സല്യൂട്ട് നല്‍കി തിരിച്ചടിച്ചു. മേയര്‍ സംസാരിച്ച ശേഷം പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ മേയറുടെ ചേംബറിലേക്ക് കയറി മുദ്രാവാക്യം മുഴക്കി സല്യൂട്ട് നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് മേയറായ തന്നെ പൊലീസ് അവഗണിക്കുന്നുവെന്നും സല്യൂട്ട് നല്‍കുന്നില്ലെന്നും പറഞ്ഞ് ഡി.ജി.പിക്ക് പരാതി അയച്ചത്.
എന്നാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് മേയര്‍ക്ക് സല്യൂട്ട് നല്‍കേണ്ടതില്ലെന്നാണ് ചട്ടം. പരാതിപ്പെട്ട മേയര്‍ക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ മേയര്‍ക്ക് സല്യൂട്ട് അടിച്ച് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.