കണ്ണൂര്‍: ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കോഴ ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോട് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജനുമായി കൂടിക്കാഴ്ച നടത്തി.
ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രഷററായ ഇവര്‍ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലെത്തിയാണ് എം.വി. ജയരാജനെ കണ്ടത്. എന്നാല്‍, മന്ത്രി എം.വി. ഗോവിന്ദനെ കാണാനാണ് ഉദ്ദേശിച്ചതെന്നും എത്താന്‍ വൈകിയതിനാലാണ് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയതെന്നും പ്രസീത പറഞ്ഞു.
കേസുമായോ എല്‍.ഡി.എഫുമായി സഹകരിക്കുന്ന കാര്യമോ ചര്‍ച്ച ചെയ്തിട്ടില്ല. കോവിഡിന്‍െറ പശ്ചാത്തലത്തില്‍ സ്വന്തം സമുദായത്തിലെ നിരവധിപേര്‍ സാമ്പത്തികപ്രയാസം നേരിടുന്നുണ്ട്. ഒരുപാടുപേര്‍ തൊഴില്‍രഹിതരുമായി. ഈ വിഷയത്തില്‍ മന്ത്രിക്ക് നിവേദനം നല്‍കാനാണ് എത്തിയതെന്നും അവര്‍ പറഞ്ഞു.
സുരേന്ദ്രനെതിരെ കേസ് നല്‍കിയത് സി.പി.എമ്മിന്‍െറ പ്രേരണമൂലമാണെന്നും ഇക്കാര്യത്തില്‍ പി. ജയരാജനുമായി പ്രസീത കൂടിക്കാഴ്ച നടത്തിയെന്നും ബി.ജെ.പി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചിരുന്നുമില്ല. ഇതിനുപുറമെയാണ് പ്രസീത വീണ്ടും ജില്ല കമ്മിറ്റി ഓഫിസില്‍ എത്തിയത്.
രണ്ടര മണിക്കൂറിലേറെയാണ് പ്രസീത ജില്ല സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. ജെ.ആര്‍.പി നേതാക്കളായ പ്രകാശന്‍ മൊറാഴ, ബിജു അയ്യപ്പന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
എന്‍.ഡി.എയുമായി സഹകരിക്കാന്‍ സി.കെ. ജാനുവിന് സുരേന്ദ്രന്‍ 25 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. നേരത്തെയുള്ള ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചയെ രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി.