കൊല്ലം: വിസ്മയ കേസിന് പിറകേ സമാനമായ രീതിയില്‍ ധന്യ എന്ന യുവതി മരിച്ചെന്ന വാര്‍ത്ത കേട്ടാണ് കഴിഞ്ഞ ദിവസം കുന്നത്തൂരുകാര്‍ ഉണര്‍ന്നത്. ശനിയാഴ്ചയാണ് സമാനമായ സംഭവം. അതും വീടിനുള്ളിലെ ജനല്‍ കമ്പിയില്‍. ഏതാണ്ട് വിസ്മയ മരിച്ച അതേ സമയത്ത്. വിസ്മയയെ ആശുപത്രിയില്‍ എത്തിച്ചതുപോലെ ധന്യയെയും ആശുപത്രിയിലും എത്തിച്ചു.
വിസ്മയയുടെ മരണത്തിനു കാരണം സ്ത്രീധനമായിരുന്നെങ്കില്‍ ധന്യയുടെ മരണത്തിനു കാരണം ഭര്‍ത്താവിന്‍െറ അമിതമായ മദ്യപാനം ആണെന്നത് മാത്രമാണ് വ്യത്യാസം. വിസ്മയയുടെ ദുരൂഹമരണം നടന്ന ശാസ്താംനടയിലെ വീട്ടില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് ധന്യയുടെ മരണം നടന്ന കുന്നത്തൂരിലെ വീട്.
കഴിഞ്ഞ മാസം 21നാണ് ബി.എ.എം.എസ് വിദ്യാര്‍ഥിനിയായ വിസ്മയ വി. നായര്‍ ശാസ്താംനടയിലെ ഭര്‍തൃഗൃഹത്തിലെ മുകള്‍ നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശൗചാലയത്തിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
തൊട്ടു പിന്നാലെ സ്ത്രീധന പീഡനമാണ് മരണത്തിനു കാരണമെന്ന പരാതി പുറത്തുവന്നു. മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍ കിടക്കുന്ന കിരണിന്‍െറ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ തുടരുന്നതേയുള്ളൂ.
സംഭവത്തില്‍ സംസ്ഥാന യുവജന കമീഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ സമഗ്ര റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ ജില്ല പൊലീസ് മേധാവിയോട് യുവജന കമീഷന്‍ അധ്യക്ഷ ചിന്താ ജെറോം ആവശ്യപ്പെട്ടു.