ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഏഴു ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുക.
ഫെബ്രുവരി 10നാണ് ആദ്യ തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും നടക്കും. മൂന്നാം ഘട്ടം ഫെബ്രുവരി 20നും നാലാംഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാഘട്ടം മാര്‍ച്ച് മൂന്നിനും ഏഴാംഘട്ടം മാര്‍ച്ച് ഏഴിനും നടക്കും
പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിലും ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശില്‍ ചന്ദ്രയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
തെരഞ്ഞെടുപ്പിന് വിപുലമായ കോവിഡ് മാര്‍ഗരേഖ പുറത്തിറക്കി. ജനങ്ങള്‍ക്ക് കോവിഡ് സുരക്ഷ ഉറപ്പാക്കുന്നത് സുപ്രധാനമാണ്. ഇതിനാല്‍ പോളിംഗ് സ്റ്റേഷനുകളില്‍ കര്‍ശന കോവിഡ് മുന്‍കരുതല്‍ നടപ്പാക്കും.
പോളിംഗ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കും. തെര. ഉദ്യോഗസ്ഥര്‍ക്ക് രണ്ടു ഡോസ് വാക്സിന് നിര്‍ബന്ധം. ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്ക് കരുതല്‍ ഡോസ് ഉറപ്പാക്കും. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടുകയും ചെയ്തു.
റാലികള്‍ക്കും റോഡ് ഷോകള്‍ക്കും നിയന്ത്രണമുണ്ടാകും. ഈ മാസം 15 വരെ റാലികളും പദയാത്രകളും നിരോധിച്ചു. ഇതിനുശേഷം കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കില്ല.
അഞ്ചു സംസ്ഥാനങ്ങളിലായി ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. 18.34 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 24.9 ലക്ഷം കന്നി വോട്ടര്‍മാരാണ്. ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍ മാത്രമാണ് ഉണ്ടായിരിക്കുക. ഓരോ മണ്ഡലങ്ങളിലും ഒരു ബൂത്തെങ്കിലും വനിതകള്‍ നിയന്ത്രിക്കും.
ഓണ്‍ലൈന്‍ പത്രികാ സമര്‍പ്പണം കമ്മീഷന് പ്രോത്സാഹിപ്പിക്കും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി നല്‍കാം. കോവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഭിന്നശേഷിക്കാര്‍ക്കും 80 വയസു കഴിഞ്ഞവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം.