തിരുവനന്തപുരം :കേന്ദ്രമന്ത്രി വി. മുരളീധരന്‍ പകല്‍ പിണറായി വിജയനെതിരെ പ്രവര്‍ത്തിക്കുകയും രാത്രി പല പദ്ധതികള്‍ക്കും ഇടനിലക്കാരനാകുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.
വി.മുരളീധരന്റെ ശിഖണ്ഡി പരാമര്‍ശം കാലത്തിനു ചേര്‍ന്നതല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘ശിഖണ്ഡി, ആണുംപെണ്ണും കെട്ട തുടങ്ങിയ പ്രയോഗങ്ങളൊന്നും ഇന്നത്തെകാലത്ത് പറയാന്‍ പാടില്ല. ആ വാക്കുകളെല്ലാം കാലഹരണപ്പെട്ടതാണ്. പകല്‍ പിണറായി വിരോധം. രാത്രിയാകുമ്പോള്‍ പിണറായിയുടെ അടുത്തുപോയി കേസുകള്‍ സെറ്റില്‍ ചെയ്യുക. ആ സ്വഭാവത്തിനെ ഞാന്‍ എങ്ങനെ വിശേഷിപ്പിക്കണം? വി.ഡി.സതീശന്‍ ചോദിച്ചു.
കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം സംബന്ധിച്ച ഗവര്‍ണര്‍സര്‍ക്കാര്‍ തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവിന് ശിഖണ്ഡിയുടെ റോള്‍ ആണെന്നാണ് വി.മുരളീധരന്‍ പറഞ്ഞത്. ഗവര്‍ണര്‍ രാജിവയ്ക്കണമെന്നു മുഖ്യമന്ത്രിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെക്കൊണ്ട് പറയിച്ചത്.
ഗവര്‍ണര്‍ അക്കമിട്ടു നിരത്തിയ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചുനടക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെ സഹായിക്കാന്‍ ദിവസവും പത്രസമ്മേളനം വിളിക്കുകയാണ്. ഗവര്‍ണര്‍ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
അനധികൃത നിയമനത്തെ പിന്തുണച്ച മന്ത്രിക്കു പകരം ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് പറയുന്നതിന്റെ ന്യായം മനസ്സിലാകുന്നില്ല. വി.ഡി.സതീശന്‍ ഈ രീതിയില്‍ പോയാല്‍ കേരളത്തില്‍ ശക്തമായ പ്രതിപക്ഷമായി ബിജെപി മാറുമെന്നും വി.മുരളീധരന്‍ പറഞ്ഞിരുന്നു.