ജറുസലം: ഗാസയിലെ വെടിനിർത്തലും ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരുടെ മോചനവും ആവശ്യപ്പെട്ടുള്ള വെടിനിർത്തൽ കരാറിന്റെ കരടുരേഖ മധ്യസ്ഥരായ ഖത്തർ കൈമാറി. ഇസ്രയേൽ, ഹമാസ് അധികൃതർക്കാണ് കരടുരേഖ കൈമാറിയത്. 15 മാസം നീണ്ട ഇസ്രയേൽ–ഹമാസ് യുദ്ധത്തിലെ നിർണായക നീക്കമാണിത്. യുഎസിൽ ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിനു മുന്നോടിയായാണ് തിരക്കിട്ട നീക്കം. ചർച്ചയിൽ വലിയ പുരോഗതിയുണ്ടായതായി ഉദ്യോഗസ്ഥരും അറിയിച്ചു.
ആദ്യഘട്ടത്തിൽ, ഹമാസ് ബന്ദികളാക്കിയവരിൽ 33 പേരെ മോചിപ്പിക്കും. കുട്ടികൾ, സൈനികരുൾപ്പെടെയുള്ള സ്ത്രീകൾ, 50നു മുകളിൽ പ്രായമുള്ള പുരുഷന്മാർ, പരുക്കേറ്റവരും അസുഖ ബാധിതരും തുടങ്ങിയവരെയാണ് ആദ്യം മോചിപ്പിക്കുക. ബന്ദികളിൽ ഭൂരിഭാഗവും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ കരുതുന്നത്.
എന്നാൽ ഇക്കാര്യത്തിൽ ഹമാസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ആദ്യഘട്ട ബന്ദിമോചനം കരാർപ്രകാരം നടന്നാൽ, കരാർ നിലവിൽ വന്ന 16ാം ദിവസം മുതൽ രണ്ടാംഘട്ട ബന്ദിമോചനത്തിനായുള്ള ചർച്ചകൾ തുടങ്ങും. ഹമാസ് തടവിലുള്ള സൈനികർ, മറ്റ് പുരുഷന്മാർ, കൊല്ലപ്പെട്ടവരുടെ മൃതദേഹം എന്നിവ കൈമാറുന്നതാണ് രണ്ടാംഘട്ടം.