മലയാളിയെ വാല്‍ക്കണ്ണെഴുതിച്ച നിത്യഹരിത ഗായികയായിരുന്നു അന്തരിച്ച വാണി ജയറാം. 1973 ല്‍ ഇറങ്ങിയ സ്വപ്നം എന്ന ചിത്രത്തില്‍ തുടങ്ങി, 2017ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ എന്ന ചിത്രം വരെ നീളുന്നതാണ് ആ സംഗീത സപര്യ. ‘സൗരയൂഥത്തില്‍ പിറന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി’ എന്ന പാട്ടിലെ അതേ സ്വരമാധൂരി തന്നെയായിരുന്നു അവസാനം മലയാളത്തില്‍ പാടിയ ‘മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ’ എന്ന ഗാനത്തിനും.

19ലേറെ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചാണ് വാണി ജയറാം എന്ന ഗാനകോകില അരങ്ങൊഴിയുന്നത്. ഈ ഘടികാരം ഇത്രപെട്ടന്ന് നിലച്ചുവോ എന്ന് ഒരു നിമിഷം ആരാധകര്‍ക്ക് സംശയം തോന്നിയിട്ടുണ്ടാകാം. മലയാളത്തില്‍ ഒഎന്‍വിയുടെയും വയലാറിന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും മങ്കൊമ്പ് ഗോപാലകൃഷ്ണന്റെയുമൊക്കെ പ്രണയാര്‍ദ്ര വരികള്‍ക്ക് പിന്നിലെ ശബ്ദമാധുര്യം വാണി ജയറാം ആയിരുന്നു.
1983 എന്ന ചിത്രത്തിനായി എം ജയചന്ദ്രന്റെ സംഗീതത്തില്‍ വാണി ജയറാം പാടിയ ‘ഓലഞ്ഞാലിക്കുരുവി’ എന്ന ഗാനം മധുരപ്പതിനേഴിന്റെ ചെറുപ്പത്തോടെ അവര്‍ പാടിയപ്പോള്‍ മലയാളി അത് ഹൃദയം കൊണ്ടു കേട്ടു. സലീല്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളികള്‍ക്കു മുന്നിലെത്തിച്ചത്.

ആഷാഢമാസം, കരുണ ചെയ്യുവാന്‍ എന്തുതാമസം, മഞ്ചാടിക്കുന്നില്‍, ഒന്നാനാംകുന്നിന്മേല്‍, നാടന്‍ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാള്‍, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍, ഏതോ ജന്മ കല്‍പനയില്‍, പത്മതീര്‍ഥ കരയില്‍, കിളിയേ കിളി കിളിയേ, എന്റെ കൈയില്‍ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങള്‍ വാണിയുടെ ശബ്ദം അനശ്വരമാക്കി.
ആശീര്‍വാദത്തില്‍ അര്‍ജുനന്‍ മാഷ് തയ്യാറാക്കിയ ‘സീമന്ത രേഖയില്‍…’ എന്ന ഗാനം എക്കാലത്തെയും മികച്ച മലയാള ഗാനങ്ങളില്‍ ഒന്നാണ്. എംഎസ് വിശ്വനാഥന്റെ ‘പത്മതീര്‍ഥക്കരയില്‍’, ‘പുലരിയോടെ സന്ധ്യയോടോ’, എംജി രാധാകൃഷ്ണന്റെ ‘ഓര്‍മകള്‍ ഓര്‍മകള്‍’…. തച്ചോളി അമ്പു എന്ന സിനിമയില്‍ രാഘവന്‍ മാഷിന്റെ ‘നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിലെ…’ മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമയ്ക്കു വേണ്ടി ഇടവ ബഷീറിനൊപ്പം പാടിയ ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍, ജോയിയുടെ ‘മറഞ്ഞിരുന്നാലും..’ സര്‍പ്പത്തിനു വേണ്ടി ഖവ്വാലി മാതൃകയില്‍ ജോയി ഈണമിട്ട ‘സ്വര്‍ണ മീനിന്റെ ചേലൊത്തെ കണ്ണാളെ..’ തുടങ്ങി വാണിയമ്മ പാടിയ നിരവധി ഗാനങ്ങള്‍ മലയാളികളുടെ ചുണ്ടുകളില്‍ നിറയുന്നു.

എട്ടാം വയസില്‍ തുടങ്ങിയ പാട്ട് എഴുപത്തിയെട്ടു വയസുവരെ തുടര്‍ന്നു. ഇതിനകം പത്തൊന്‍പത് ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകളാണ് വാണി ജയറാം പാടിയത്. കര്‍ണടക സംഗീതത്തില്‍ കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടിആര്‍ ബാലസുബ്രഹ്‌മണ്യന്‍, ആര്‍എസ് മണി എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍.
1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാര്‍ഡുകള്‍ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങള്‍ പാടിയ അവര്‍ ആശാ ഭോസ്ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തില്‍ ഡ്യുയറ്റ് പാടി.
മദന്‍ മോഹന്‍, ഒപി നയ്യാര്‍, ആര്‍ഡി ബര്‍മന്‍, കല്യാണ്‍ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍, ജയ്ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവര്‍, 1974-ല്‍ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലും സജീവമായത്.