കൊച്ചി; നടിയും അവതാരകയുമായ സുബി സുരേഷിന് കണ്ണീരോടെ യാത്രാ മൊഴിയേകി കലാകേരളം. ചേരാനല്ലൂർ ശ്മശാനത്തിൽ വൈകിട്ട് നാലു മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സുബിയെ അവസാനമായി കണ്ട് ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ- സീരിയൽ രംഗത്തെ പ്രമുഖർ ഉൾപ്പടെ ആയിരങ്ങളെത്തി.
കരൾരോഗത്തെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബിയുടെ അന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് വരാപ്പുഴയിലെ വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു പിന്നാലെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. ഇതിനുശേഷം സംസ്കാരത്തിനായി ചേരാനല്ലൂർ ശ്മശാനത്തിലേക്ക് കൊണ്ടുപോയി.
കണ്ണീരോടെയാണ് പല സഹപ്രവര്‍ത്തകരും സുബിയ്ക്ക് വിടപറഞ്ഞത്.
രണ്ടു പതിറ്റാണ്ടിലേറെ മലയാളികൾക്ക് ചിരി സമ്മാനിച്ച പ്രിയകലാകാരിയുടെ അപ്രതീക്ഷിത വിടവാങ്ങൽ കലാ കേരളത്തിന് നൊമ്പരമായി.
ഡാൻസറായി കലാരംഗത്തേക്ക് കടന്നുവന്ന സുബി ഹാസ്യരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തത് സ്വപ്രയത്നത്തിലൂടെയാണ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സുബിയുടെ ഡാൻസ് കണ്ട് ടിനി ടോം ആണ് സിനിമാല ടീമിനു പരിചയപ്പെടുത്തുന്നത്. ഒന്നു രണ്ട് പരിപാടി കഴിഞ്ഞ് നിർത്തുമെന്ന് പറഞ്ഞ് സിനിമാലയുടെ ഭാഗമായ സുബി ശ്രദ്ധിക്കപ്പെട്ടതോടെ പട്ടാള സ്വപ്നം ഉപേക്ഷിച്ച് ഹാസ്യതാരമാവുകയായിരുന്നു. ശക്തമായ വേഷങ്ങളും ഓൺസ്റ്റേജിലെ സ്വതസിദ്ധമായ ഡയലോഗുകളുമാണ് കോമഡി ലോകത്ത് സുബിയെ ശ്രദ്ധേയയാക്കിയത്. അവതാരകയായപ്പോഴും താരത്തിന്റെ രസികൻ സ്റ്റൈലിന് വ്യത്യാസമുണ്ടായില്ല.