Sunday, April 21, 2024

HomeMain Storyവയനാട്ടില്‍ രാഹുലിനെ നേരിടാന്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍; തിരുവനന്തപുരത്ത് പന്ന്യനും

വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍; തിരുവനന്തപുരത്ത് പന്ന്യനും

spot_img
spot_img

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് സി.പി.എമ്മിന് പിന്നാലെ എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐയിലും സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ചു തീരുമാനമായി. മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും. മത്സരത്തിന് പന്ന്യന്‍ രവീന്ദ്രന്‍ സമ്മതമറിയിച്ചു. വയനാട്ടില്‍ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ആനി രാജ മത്സരിക്കും. തൃശൂരില്‍ മുന്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍, മാവേലിക്കരയില്‍ യുവനേതാവ് സി.എ അരുണ്‍ കുമാര്‍ എന്നിവര്‍ മത്സരത്തിനിറങ്ങും.

ഈ മാസം 26ന് സി.പി.ഐ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സിപിമ്മിന്റെ 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയ്ക്ക് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.ഐയുടെ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച തീരുമാനത്തിലെത്തിയത്. ജില്ലാ കമ്മിറ്റികള്‍ കൂടി അംഗീകരിച്ച ശേഷം 26ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് സി.പി.ഐയുടെ തീരുമാനം.

എല്‍.ഡി.എഫിലെ ധാരണപ്രകാരം, തിരുവനന്തപുരം, വയനാട്, തൃശൂര്‍, മാവേലിക്കര എന്നീ നാലു സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. പന്ന്യന്‍ രവിന്ദ്രന്‍, ആനി രാജ, വിഎസ് സുനില്‍ കുമാര്‍, സി.എ അരുണ്‍ കുമാര്‍ എന്നിവരുടെ പേരുകള്‍ തന്നെയാണ് നാലിടത്തേക്കും ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. പന്ന്യന്‍ തന്നെ മത്സരിക്കണമെന്ന നിലപാട് പാര്‍ട്ടി എടുത്തതോടെ അദ്ദേഹം സമ്മതമറിയിക്കുകയായിരുന്നു. പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2005-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ ജയിച്ചശേഷം സി.പി.ഐക്ക് കിട്ടാക്കനിയാണ് തിരുവനന്തപുരം. 2009-ല്‍ മത്സരിക്കാനില്ലെന്ന പന്ന്യന്റെ നിലപാടിന് പാര്‍ട്ടി വഴങ്ങിയിരുന്നു. പിന്നീട് ഇതുവരെ പന്ന്യന്‍ മല്‍സരരംഗത്തുണ്ടായിരുന്നില്ല.

2019ല്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട്ടില്‍ ഇക്കുറിയും രാഹുല്‍ ഗാന്ധി തന്നെ മത്സരത്തിനിറങ്ങാനാണ് സാധ്യത. അതിനാല്‍ ദേശീയ പ്രാധാന്യമുള്ള മുഖം തന്നെ എതിര്‍സ്ഥാനാര്‍ഥിയാകണമെന്ന സി.പി.ഐയുടെ ആലോചനയ്‌ക്കൊടുവിലാണ് ആനി രാജയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടില്‍ തോമസിന്റെയും മറിയയുടെയും മകളാണ് ആനി. കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌ക്കൂള്‍, ദേവമാത പാരലല്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ഡി. രാജയാണ് ഭര്‍ത്താവ്. ആള്‍ ഇന്ത്യാ യൂത്ത് ഫെഡറേഷന്‍ ദേശീയ കമ്മറ്റി അംഗവും ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയുമായിരുന്ന അപരാജിത രാജ മകളാണ്.ധ3പധ4പ

സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ ആനി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. സി.പി.ഐയുടെ വിദ്യാര്‍ഥിവിഭാഗമായ എ.ഐ.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. സി.പി.ഐയുടെ മഹിള വിഭാഗത്തിന്റെ ജില്ല സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി. ഐ മഹിള വിഭാഗമായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ എന്ന സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.

ബി.ജെ.പി സുരേഷ് ഗോപിയിലൂടെ പ്രതീക്ഷവെക്കുന്ന തൃശൂരില്‍ വി.എസ് സുനില്‍ കുമാര്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കാനാകുമെന്നാണ് സി.പി.ഐയുടെ വിലയിരുത്തല്‍. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ എ.ഐ.വൈ.എഫ് നേതാവും മന്ത്രി പി പ്രസാദിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവുമായ സിഎ അരുണ്‍ കുമാറിന് ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്നാണ് സി.പി.ഐ കരുതുന്നത്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷ് ആണ് മണ്ഡലത്തില്‍ വിജയിക്കുന്നത്.

സി.പി.എം സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടികക്ക് ഇന്നലെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അംഗീകാരമായിരുന്നു. പൊന്നാനിയില്‍ മുസ്ലിം ലീഗ് മുന്‍ നേതാവ് കെ എസ് ഹംസ, പത്തനംതിട്ടയില്‍ ടി.എം തോമസ് ഐസക്, വടകരയില്‍ കെ.കെ ശൈലജ, ആറ്റിങ്ങലില്‍ വി ജോയ്, എറണാകുളത്ത് കെ.ജെ ഷൈന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയില്‍ എ.എം ആരിഫ്, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, കോഴിക്കോട്ട് എളമരം കരീം എന്നിവര്‍ മത്സരിക്കും.

കണ്ണൂര്‍-എം.വി ജയരാജന്‍, കാസര്‍ഗോഡ്-എം.വി ബാലകൃഷ്ണന്‍, മലപ്പുറം-ഡി.വൈ.എഫ്.ഐ നേതാവ് വി വസീഫ്, പാലക്കാട്-എ വിജയരാഘവന്‍, ആലത്തൂര്‍-കെ രാധാകൃഷ്ണന്‍ എന്നിവരും മത്സരിക്കും. 27-ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments