Thursday, June 6, 2024

HomeMain Storyസിംഹത്തിന് സീത എന്ന് പേരിട്ട് മതവികാരം വൃണപ്പെടുത്തി, സസ്‌പെന്‍ഷനിലായി

സിംഹത്തിന് സീത എന്ന് പേരിട്ട് മതവികാരം വൃണപ്പെടുത്തി, സസ്‌പെന്‍ഷനിലായി

spot_img
spot_img

എ.എസ് ശ്രീകുമാര്‍

മൃഗശാലയിലെ ഒരു പെണ്‍ സിംഹത്തിന് ‘സീത’ എന്ന് പേരിട്ടതുവഴി ഹിന്ദുക്കളുടെ മതവികാരം വൃണപ്പെട്ടുവെന്ന വിചിത്രവും അസംബന്ധവുമായ ആരോപണത്തെ തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ക്കൊടുവില്‍ ത്രിപുര സര്‍ക്കാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) കൊല്‍കികൊത്ത ഹൈക്കോടതിയില്‍ നല്‍കിയ പരാതിയാണ് വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററായ പ്രബിന്‍ ലാല്‍ അഗര്‍വാളിന്റെ കസേര തല്‍ക്കാലത്തേയ്ക്ക് തെറിപ്പിച്ചത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്…

മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 12-ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് രണ്ട് സിംഹങ്ങളെ സിലിഗുരിയിലെ നോര്‍ത്ത് ബംഗാള്‍ അനിമല്‍സ് സഫാരി പാര്‍ക്കിലേയ്ക്ക് മാറ്റിയിരുന്നു. ഏഴുവയസുള്ള ആണ്‍ സിംഹത്തിന്റെ പേര് ‘അക്ബര്‍’ എന്നും പെണ്‍ സിംഹത്തിന്റെ പേര് ‘സീത’ എന്നുമാണ്. ഇവയെ ഒരു കൂട്ടില്‍ പാര്‍പ്പിക്കുന്നത് ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തുമെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ വി.എച്ച്.പി കൊല്‍ക്കൊത്ത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്.

”ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കളുടെയും പവിത്ര ദേവതയായ ശ്രീരാമന്റെ ഭാര്യ സീതയുടെ പേര് സിഹത്തിന് നല്‍കിയ നടപടിയെ വിശ്വഹിന്ദു പരിഷത്ത് അഗാധമായ വേദനയോടെയാണ് നിരീക്ഷിക്കുന്നത്. അത്തരം പ്രവൃത്തി ദൈവനിന്ദയ്ക്ക് തുല്യമാണ്. കൂടാതെ എല്ലാ ഹിന്ദുക്കളുടെയും മതവിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിത്…” വി.എച്ച്.പി കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ.

ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ ആയിരിക്കുമ്പോള്‍ സിംഹങ്ങളുടെ പേര് ശ്രീരാമന്‍, സീത എന്നായിരുന്നുവെന്നും ബംഗാളിലേയ്ക്ക് കൊണ്ടുപോയ ശേഷം ആണ്‍ സിംഹത്തിന് അക്ബര്‍ എന്ന് പേര് മാറ്റിയത് ബോധപൂര്‍വമാണെന്നുമാണ് വി.എച്ച്.പിയുടെ വര്‍ഗീയനിറം കലര്‍ന്ന ന്യായവാദം. യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത ഈ പരാതി പരിഗണിച്ച കോടതി ഒടുവില്‍ സിഹങ്ങളുടെ പേര് മാറ്റണമെന്ന് കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പായ്ഗുഡി സര്‍ക്യൂട്ട് ബെഞ്ച് ബംഗാള്‍ സര്‍ക്കാരിനോട് വാക്കാല്‍ ആവശ്യപ്പെട്ടു.

”എന്തിനാണ് വെറുതേ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്..? ആരാണ് സിംഹങ്ങള്‍ക്ക് ഈ പേര് നല്‍കിയത്..? ഏതെങ്കിലും മൃഗത്തിന് ദൈവത്തിന്റെയോ പുരാണ നായകന്റെയോ സ്വാതന്ത്ര്യ സമര സേനാനിയുടെയോ നോബല്‍ സമ്മാന ജേതാവിന്റെയോ പേരിടുമോ..? ഇതൊരു മതേതര രാജ്യമാണ്. സിംഹത്തിന് സീതയുടെയും അക്ബറിന്റെയും പേരിട്ട് എന്തിന് വിവാദമുണ്ടാക്കണം..? സീത മാത്രമല്ല, സിംഹത്തിന് അക്ബര്‍ എന്ന് പേരിടുന്നതിനെ ഞാനും അനുകൂലിക്കുന്നില്ല. അദ്ദേഹം വളരെ കാര്യക്ഷമവും കുലീനനുമായ മുഗള്‍ ചക്രവര്‍ത്തിയായിരുന്നു. വളരെ വിജയകരവും മതേതരവുമായ മുഗള്‍ ചക്രവര്‍ത്തി. ആ നാമം ആരെങ്കിലും മൃഗത്തിനിടുമോ..? അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം. അതിനാല്‍ രണ്ട് സിംഹങ്ങളുടേയും പേര് മാറ്റുക…” എന്നാണ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ പറഞ്ഞത്.

അതേസമയം സിംഹങ്ങളെ സിലിഗുരിയിലേക്ക് കൈമാറുന്നതിന് മുമ്പ് രജിസ്റ്ററില്‍ സീത എന്നും അക്ബര്‍ എന്നും പേരെഴുതിച്ചേര്‍ത്ത് പ്രബിന്‍ ലാല്‍ അഗര്‍വാളാണ്. സിംഹങ്ങള്‍ക്ക് പേരിട്ടത് ത്രിപുരയാണെന്നും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ത്രിപുര മൃഗശാല അധികൃതര്‍ക്കാണെന്നും ബംഗാള്‍ വനം വകുപ്പ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പ്രബിന്‍ ലാല്‍ അഗര്‍വാളില്‍ നിന്ന് ത്രിപുര സര്‍ക്കാര്‍ വിശദീകരണം തേടി.

എന്നാല്‍ തനിക്ക് നേരെയുള്ള ആരോപണങ്ങള്‍ അഗര്‍വാള്‍ നിഷേധിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ത്രിപുര വനംവന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് പേരിട്ടതിന് പിന്നിലെന്ന് കണ്ടെത്തി. ഇതാണ് അഗര്‍വാളിന്റെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. 1994 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ അഗര്‍വാള്‍ ത്രിപുര ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്നു.

വ്യക്തികളുടെ സ്വാതന്ത്ര്യത്തിലും വിശ്വാസങ്ങളിലും അനാവശ്യമായി ഇടപെട്ട് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന വി.എച്ച്.പി പോലുള്ള മതാധിഷ്ടിത സംഘടനകളുടെ ഇത്തരം വര്‍ഗീയ നിലപാടുകള്‍ വാസ്തവത്തില്‍ മതേതര ഇന്ത്യയ്ക്ക് അപമാനമാണ്. മുകള്‍ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ രാജാവായ അക്ബറിനെ ‘മഹാനായ അക്ബര്‍ ചക്രവര്‍ത്തി’യെന്നാണ് ചരിത്രം വിശേഷിപ്പിക്കുന്നതെങ്കില്‍ വിഷ്ണുപത്‌നിയും ഐശ്വര്യത്തിന്റെ ഭഗവതിയുമായ ലക്ഷ്മിയുടെ അവതാരമാണ്, ക്ഷമയുടെ പര്യായവും ശ്രീരാമ പത്‌നിയുമായ സീതയെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. ഇവരെ രണ്ടുപേരെയും രാഷ്ട്രീയ ചതുരംഗക്കളത്തിലെ കരുക്കളായി കൊണ്ടുവന്ന് കേവലമായ രാഷ്ട്രീയ വിലപേശലുകള്‍ നടത്തുന്നതിന്റെ ദുരന്തമാണ് ഈ സിംഹപ്പോരിലൂടെ വെളിപ്പെടുന്നത്.

ഇന്ത്യ എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന മതേതര കാഴ്ചപ്പാട് സ്ബന്ധിച്ച് ഉത്കണ്ഠ ഉണ്ടാക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. ജനമനസുകളില്‍ അതിതീവ്രമായ മതവിശ്വാസം അഥവാ മതഭ്രാന്ത് കുത്തിനിറയ്ക്കുന്ന ദുഷിച്ച പരിപാടി ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. ഇത്തരം നിലപാടുകള്‍ സാമൂഹിക-രാഷ്ട്രീയ യാഥാര്‍ത്ഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. പൊതുജനം അത് അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ് എന്ന നിലയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.

സിംഹപ്പേര് സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തതോടെ വിവാദമടങ്ങിയെന്ന് കരുതാം. പക്ഷേ ഒരു സംശയം അവശേഷിക്കുന്നു. ഊരും പേരും നാളും വയസും ഈ ജീര്‍ണിച്ച രാഷ്ട്രീയവുമൊന്നുമറിയാത്ത മിണ്ടാപ്രാണികളായ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടതുകൊണ് ഹിന്ദുക്കളുടെ മതവികാരം എങ്ങനെയാണ് വൃണപ്പെടുകയെന്ന് ബന്ധപ്പെട്ട മഹാന്‍മാര്‍ വസ്തുനിഷ്ടമായി വെളിപ്പെടുത്തണം. സിംഹത്തിന് സീത എന്ന് പേരിട്ടപ്പോള്‍ ഹിന്ദുക്കളുടെ ചങ്ക് വൃണപ്പെട്ടെങ്കില്‍ അതുപോലെ അക്ബര്‍ സിംഹം മുസ്ലീങ്ങളെയും വൃണപ്പെടുത്തുകയില്ലേ..? പക്ഷേ, മുസ്ലീം സംഘടനകളോ വ്യക്തികളോ ഇക്കാര്യത്തില്‍ കേസും പുക്കാറുമായി പോകാതിരുന്നതില്‍ ആശ്വസിക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments