ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് സംബന്ധിച്ച് സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി . പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന ഒരു സമിതിയാകണം തിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കേണ്ടത് എന്നാണ് ഉത്തരവ്.
തിരഞ്ഞെടുപ്പ് കമ്മീഷനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാകും. മേല്‍പ്പറഞ്ഞ മൂന്നംഗ സമിതി ചര്‍ച്ച ചെയ്ത് നല്‍കുന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും നിയമനമെന്നും ഉത്തരവില്‍ പറയുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടാനാ ബെഞ്ച് ഐക്യകണ്‌ഠ്യേനയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മൂന്നംഗ സമിതി പ്രകാരം ചീഫ് ഇലക്ഷന്‍ കമ്മീഷണറെയും ഇലക്ഷന്‍ കമ്മീഷണര്‍മാരെയും രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യണമെന്നും സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായി അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവരടങ്ങുന്ന ഭരണഘടന ബെഞ്ചിന്റേതാണ് വിധി.