ചങ്ങനാശേരി : സീറോ മലബാര്‍ സഭയിലെ മുതിര്‍ന്ന പിതാവും ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്തു. 92 വയസ്സായിരുന്നു. ചങ്ങനാശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അന്ത്യം .
ഇന്ത്യന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (കെസിബിസി) അധ്യക്ഷന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് മാര്‍ ജോസഫ് പൗവത്തില്‍.
സഭാവിജ്ഞാനത്തിലെ പാണ്ഡിത്യത്താലും നിലപാടുകളാലും ശ്രദ്ധേയനായിരുന്നു പിതാവ്. ആർച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതത്തിലായിരുന്നു.
1930 ഓഗസ്റ്റ് 14ന് ജോസഫ്- മറിയക്കുട്ടി ദമ്ബതിമാരുടെ മകനായി ചങ്ങനാശേരി കുറുമ്ബനാടം പൗവ്വത്തില്‍ വീട്ടിലായിരുന്നു പി.ജെ. ജോസഫ് എന്ന ജോസഫ് പൗവ്വത്തിലിന്റെ ജനനം . പാപ്പച്ചന്‍ എന്നായിരുന്നു കുട്ടിക്കാലത്തെ പേര് .
1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29 ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1972 ഫെബ്രുവരി 13നു വത്തിക്കാനിലായിരുന്നു സ്ഥാനാഭിഷേകം. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പായി സേവനം ചെയ്തു.ആർച്ച് ബിഷപ് സ്‌ഥാനത്തുനിന്ന് 2007ൽ വിരമിച്ചു.
ഒരു പതിറ്റാണ്ടുകാലം ചങ്ങനാശേരി എസ്ബി കോളജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.