വാഷിംങ്ടണ്‍: വരും മാസങ്ങളില്‍ യൂറോപ്പിലുള്ള തങ്ങളുടെ നിരവധി കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറെടുക്കുകയാണെന്നും ആഗോളതലത്തില്‍ ജീവനക്കാരുടെ എണ്ണം കുറക്കാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ട്.
മനുഷ്യാവകാശം, അഭയാര്‍ഥികള്‍, ആഗോള നീതി, സ്ത്രീ പ്രശ്നങ്ങള്‍, മനുഷ്യക്കടത്ത് തടയാനുള്ള ശ്രമങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് ആസ്ഥാനത്തുള്ള നിരവധി വിദഗ്ധ ബ്യൂറോകളെ ലയിപ്പിക്കാനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആലോചിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പൂട്ടാന്‍ പരിഗണിക്കുന്ന ചെറിയ കോണ്‍സുലേറ്റുകളുടെ പട്ടികയില്‍ ജര്‍മനിയിലെ ലീപ്‌സിഗ്, ഹാംബര്‍ഗ്, ഡസ്സല്‍ഡോര്‍ഫ്, ഫ്രാന്‍സിലെ ബോര്‍ഡോ, സ്ട്രാസ്ബര്‍ഗ്, ഇറ്റലിയിലെ ഫ്‌ലോറന്‍സ് എന്നിവ ഉള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ നഗരമായ ഗാസിയാന്‍ടെപ്പിലെ തങ്ങളുടെ ശാഖ അടച്ചുപൂട്ടാന്‍ പദ്ധതിയിടുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിനെ അറിയിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വടക്കന്‍ സിറിയയിലെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് യു.എസ് പിന്തുണ നല്‍കിയിരുന്ന സ്ഥലമാണിത്.
അമേരിക്കന്‍ ജനതക്കുവേണ്ടി ആധുനിക വെല്ലുവിളികളെ നേരിടാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ ആഗോള നിലപാട് വിലയിരുത്തുന്നത് തുടരുന്നതായി ഒരു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ലോകമെമ്പാടുമുള്ള 270 ലധികം നയതന്ത്ര ദൗത്യങ്ങളില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തിക്കുന്നു. മൊത്തം 70,000 ത്തോളം ജീവനക്കാരുണ്ടെന്ന് അതിന്റെ വെബ്സൈറ്റ് പറയുന്നു.
ഡോണള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ സഹായി ഇലോണ്‍ മസ്‌കും ചെലവ് ചുരുക്കല്‍ ശ്രമം അഴിച്ചുവിട്ടതിനാല്‍, ലോകമെമ്പാടുമുള്ള യു.എസ് ദൗത്യ ഏജന്‍സി?കളോട് കുറഞ്ഞത് 10ശതമാനം ജീവനക്കാരെയെങ്കിലും കുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസ് സര്‍ക്കാര്‍ വളരെ വലുതാണെന്നും അമേരിക്കന്‍ നികുതിദായകരുടെ ധനസഹായം പാഴായതും വഞ്ചനാപരവുമായ രീതിയില്‍ ചെലവഴിച്ചുവെന്നുമാണ് ട്രംപും മസ്‌കും ഉന്നയിക്കുന്നത്.