ടൊറന്റോ: യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ഇറക്കുമതി ചെയ്ത വാഹനങ്ങൾക്ക് പ്രഖ്യാപിച്ച പുതിയ താരിഫുകളോട് കാനഡ ഉടൻ പ്രതികരിക്കുമെന്നും അമേരിക്കക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാവുമെന്നും പ്രധാനമന്ത്രി മാർക്ക് കാർണി.
ട്രംപിന്റെ നീക്കം ‘നേരിട്ടുള്ള ആക്രമണം’ ആണെന്നും പ്രതികരണം തീരുമാനിക്കാൻ ഉടൻ ഉന്നതതല കാബിനറ്റ് യോഗം വിളിക്കുമെന്നും കാർണി പറഞ്ഞു. ‘ഞങ്ങൾ ഞങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കും. ഞങ്ങളുടെ കമ്പനികളെ സംരക്ഷിക്കും. രാജ്യത്തെ സംരക്ഷിക്കും. ഞങ്ങൾ ഒരുമിച്ച് അതിനെ പ്രതിരോധിക്കും’- അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ ഉയർന്ന തോതിലുള്ള തീരുവകൾ വടക്കേ അമേരിക്കൻ വാഹന വ്യവസായത്തെ തകർക്കാൻ കെൽപുള്ളതാണെന്നാണ് നിരീക്ഷകർ പറയുന്നത്. കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഒന്റാറിയോയാണ് ആഭ്യന്തര വാഹന വ്യവസായത്തിന്റെ കേന്ദ്രം.
കാനഡ എപ്പോൾ പ്രതികരിക്കുമെന്ന് ചോദിച്ചപ്പോൾ ‘അത് ഉടൻ സംഭവിക്കും. ഞങ്ങൾക്ക് ഓപ്ഷനുകളുണ്ട്. ഞങ്ങൾക്ക് പ്രതികാര താരിഫുകൾ അവതരിപ്പിക്കാൻ കഴിയും’ -കാർണി പറഞ്ഞു. ഇതിനകം തന്നെ 155 ബില്യൺ കനേഡിയൻ ഡോളറിന്റെ പ്രതികാര താരിഫുകളുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കനേഡിയൻ ജനതയെ വേദനിപ്പിക്കാതെ അമേരിക്കൻ ജനതക്ക് കഴിയുന്നത്ര വേദന വരുത്തുമെന്ന് തങ്ങൾ ഉറപ്പാക്കുമെന്ന് നേരത്തെ അദ്ദേഹം മാധ്യമപ്രവർത്തകരോട് നേരത്തെ പറഞ്ഞിരുന്നു.
ഈ മാസം ആദ്യം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം കാർണി ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. ഏകോപിത പ്രതികരണത്തെക്കുറിച്ച് മറ്റ് ഒമ്പത് പ്രവിശ്യകളുമായി ഉടൻ സംസാരിക്കുമെന്ന് ഫോർഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നമുക്ക് ഇവിടെ രണ്ട് വഴികളുണ്ട്. ഒന്നുകിൽ അവർ നമ്മളെ ഓടിച്ചുവിട്ട് വേണ്ടത് നേടും. അല്ലെങ്കിൽ നമ്മൾ ഒരിക്കലും പോരാടിയിട്ടില്ലാത്തതുപോലെ പോരാടും. രണ്ടാമത്തേതാണ് എനിക്ക് ഇഷ്ടം – അദ്ദേഹം പറഞ്ഞു.