ന്യൂയോര്‍ക്ക്: യു.എന്‍ മനുഷ്യവകാശ സമിതിയില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്തു. യുക്രെയ്നില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും പേരിലാണ് നടപടി.
യുക്രെയ്‌നിലെ ബുച്ചയില്‍ റഷ്യന്‍ ആക്രമണത്തില്‍ ആളുകള്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടതിനെ അപലപിക്കുന്ന പ്രമേയം, ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. വീടുകള്‍ക്ക് സമീപവും കൂട്ടക്കുഴിമാടങ്ങളിലും നിരവധി പേരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് പ്രമേയത്തില്‍ പറയുന്നു.
ബുച്ചയില്‍ റഷ്യ നടത്തിയത് കൂട്ടക്കൊലയാണെന്നാണ് യുക്രെയ്‌ന്റെ ആരോപണം. എന്നാല്‍, യുക്രെയ്‌നിന്റെ പ്രൊപ്പഗാന്‍ഡയുടെ ഭാഗമാണ് ആരോപണമെന്നാണ് റഷ്യയുടെ മറുപടി. ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍, മൂന്നില്‍ രണ്ട് അംഗങ്ങളാണ് ഇത് സംബന്ധിച്ച പ്രമേയത്തെ പിന്തുണച്ചത്. അതേസമയം, പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുഎസ് ആണ് പ്രമേയം അവതരിപ്പിച്ചത്.
197 അംഗ അസംബ്ലിയില്‍ 93 രാജ്യങ്ങള്‍ റഷ്യയെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. 24 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെ 57 രാജ്യങ്ങള്‍ വിട്ടുനിന്നു.
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. ഈ വിഷയത്തില്‍, ഇന്ത്യ ആരുടെയെങ്കിലും പക്ഷം ചേരുകയാണെങ്കില്‍, അത് സമാധാനത്തിന്റെയും സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെയും പക്ഷത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു