ന്യൂയോര്‍ക്ക്: ലോകത്ത് സൈനിക ആവശ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് അമേരിക്കയെന്ന് റിപ്പോര്‍ട്ട്. 2021 ല്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2.1 ട്രില്യന്‍ ഡോളറിലെത്തിയതായി സ്റ്റോക്കോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്‌ഐപിആര്‍ഐ) വ്യക്തമാക്കി.
ആഗോള സൈനികച്ചെലവില്‍ കഴിഞ്ഞ വര്‍ഷം 0.7 ശതമാനം വര്‍ധനവുണ്ടായി. സൈനിക ചെലവില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
കോവിഡിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്കിടയിലും, ലോക സൈനിക ചെലവ് റെക്കോര്‍ഡ് തലത്തിലെത്തി. യുഎസ് സൈനിക ചെലവ് 2021 ല്‍ 801 ബില്യന്‍ ഡോളറിലെത്തി, 2020 ല്‍ നിന്ന് 1.4 ശതമാനം ഇടിവ് ഉണ്ടായി. 2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ യുഎസ്, സൈനിക ഗവേഷണത്തിനും വികസനത്തിനുമുള്ള ധനസഹായം 24 ശതമാനം വര്‍ധിപ്പിക്കുകയും, ആയുധം വാങ്ങുന്നതിനുള്ള ചെലവ് 6.4 ശതമാനം കുറയ്ക്കുകയും ചെയ്തു.
ഇന്ത്യയുടെ സൈനിക ചെലവ് കഴിഞ്ഞ വര്‍ഷം 76.6 ബില്യന്‍ ഡോളറായിരുന്നു. 2020 നെ അപേക്ഷിച്ച് 0.9 ശതമാനം വര്‍ധനവ്. യുകെ കഴിഞ്ഞ വര്‍ഷം പ്രതിരോധത്തിനായി 68.4 ബില്യന്‍ ഡോളര്‍ ചെലവഴിച്ചു, 2020 ല്‍ നിന്ന് മൂന്ന് ശതമാനമാണ് വര്‍ധനവ്. 2021 ല്‍ ജര്‍മനി അതിന്റെ പ്രതിരോധത്തിനായി ഏകദേശം 56 ബില്യന്‍ ഡോളര്‍ ചെലവഴിച്ചു. ഇത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.3 ശതമാനമാണ്.