വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനായി ഫ്രാൻസീസ് മാർപാപ്പായുടെ പിൻഗാമിയെ കണ്ടെത്തുന്നതിനായുള്ള കോൺക്ലേവ് അടുത്ത മാസം നടക്കുന്നതിനു മുന്നോടിയായി കർദിനാൾമാർ തമ്മിലുള്ള ചർച്ചകൾ ഇന്നു മുതൽ ആരംഭിക്കും.
ഇതിന്റെ ഭാഗമായി കർദിനാൾമാർ ഇന്നലെ വത്തിക്കാനിലെ മേരി മേജർ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിൽ പ്രത്യേക പ്രാർഥന നടത്തി. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്കു 12.30ന് കർദിനാൾ മാർ യോഗം ചേരും. ഫ്രാൻസിസ് പാപ്പായുടെ വിയോഗത്തിനു ശേഷം കർദിനാൾമാരുടെ അഞ്ചാമത്തെ യോഗമാണിത്. കോൺക്ലേവ് തുടങ്ങുന്ന തീയതി സംബന്ധിച്ച ഇന്നു ചർച്ചയുണ്ടായേക്കുമെന്നാണു സൂചന.
കോൺക്ലേവിനു മുന്നോടിയായി കർദിനാൾമാർക്ക് കത്തോലിക്കാ സഭയുടെയും ലോകത്തിന്റെ തന്നെയും ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് വിചിന്തനം നടത്തുന്നതിന് സഹായിക്കാൻ ഫാ. ഡൊണാൾഡോ ഒലിഗാരി, കർദിനാൾ റെനേരിയോ കാൻഡലമെസ്സ എന്നിവരെ നിയോഗിക്കാൻ യോഗം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു ബനഡിക്ടെൻ സമൂഹത്തിൽ നിന്നുള്ള വൈദികനാണ് ഫാ.ഒലിഗാരി. മാർപാപ്പയുടെ ധ്യാന ഗുരുവായി പ്രവർത്തിച്ചിരുന്ന വ്യക്‌തിയാണ് കർദിനാൾ കാൻഡലമെസ്സ. ഇദ്ദേഹം നയിക്കുന്ന ധ്യാനത്തോടെയാണ് കോൺക്ലേവ് തുടങ്ങുക.
അടുത്ത മാസം ആറു മുതൽ ഏതു ദിവസവും കോൺക്ലേവ് തുടങ്ങാം. കോൺക്ലേവിൽ വോട്ടവകാശമുള്ള 135 കർദിനാൾമാരാണ്. ഇതിൽ 108 പേർ ഫ്രാൻസിസ് പാപ്പായുടെ കാലത്ത് കർദിനാൾമാരായവരാണ്.