ഗാസിയബാദ്: ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ്, ഇപ്പോഴിതാ ഉരഗവര്‍ഗങ്ങളില്‍ കാണപ്പെടുന്ന യെല്ലോ ഫംഗസ് മനുഷ്യരിലും. കടുത്ത ക്ഷീണം, ഭാരം കുറയല്‍, അമിതമായ വിശപ്പ് എന്നീ ലക്ഷണങ്ങളുള്ള രോഗബാധ റിപോര്‍ട് ചെയ്തിരിക്കുന്നത് യുപിയില്‍.
ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ റിപോര്‍ട് ചെയ്തിരിക്കുന്നത്. ബ്രിജ്പാല്‍ ഇഎന്‍ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
യെല്ലാ ഫംഗസ് സാധാരണയായി ഉരഗവര്‍ഗങ്ങളിലാണ് കാണപ്പെടാറുള്ളത്. ഇതാദ്യമായാണ് രാജ്യത്ത് മനുഷ്യരില്‍ കാണുന്നതെന്ന് ഡോക്ടര്‍ ബിപി ത്യാഗി പറഞ്ഞു. എന്‍ഡോസ്‌കോപ്പിയിലൂടെയാണ് അണുബാധ കണ്ടെത്തിയത്. എന്നാല്‍ ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ് രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നായ ആംഫോട്ടെറിമിസിന്‍ ഇതിന് ഫലപ്രദമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ് എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.