ലഖ്‌നൗ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ നിന്നും വാക്‌സിന്‍ ഭീതി സംബന്ധിച്ച് ഒരു വിചിത്രമായ റിപോര്‍ടാണ് പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ ബറാബങ്കിയിലെ ഗ്രാമവാസികള്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ഒഴിവാക്കാന്‍ സരയുനദിയിലേക്ക് എടുത്ത് ചാടിയ വാര്‍ത്തയാണ് ഇപ്പോള്‍ സംസാരവിഷയമായത്. ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി കുത്തിവെപ്പെടുക്കാന്‍ തുടങ്ങിയതോടെയാണ് ഗ്രാമവാസികള്‍ നദിയിലേക്ക് എടുത്തുചാടിയത്.
ശനിയാഴ്ചയാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടായതെന്ന് രാംനഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാജീവ് കുമാര്‍ ശുക്ല പറഞ്ഞു. വാക്‌സിനേഷന്റെ പ്രാധാന്യമടക്കം നിരത്തി ആളുകളെ ബോധവത്കരണം നടത്തിയിട്ടും ഗ്രാമത്തിലെ 14 പേര്‍ മാത്രമാണ് വാക്‌സിന്‍ എടുക്കാന്‍ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു.
വാക്‌സിനല്ല കുത്തിവെക്കുന്നതെന്നും വിഷമാണ് കുത്തിവെക്കുന്നത് എന്നും ചിലര്‍ പ്രചരണം നടത്തിയതിനാലാണ് നദിയിലേക്ക് ചാടിയതെന്നാണ് ഗ്രാമീണര്‍ പറയുന്നത്. അതേസമയം കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ലഭ്യതകുറവ് മൂലം നിര്‍ത്തിവെച്ചതായി വിവിധ സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്.