തിരുവനന്തപുരം: കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നുലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസ്സുവരെ 2000 രൂപ മാസംതോറും നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു.
രണ്ടാമത്തെ കോവിഡ് തരംഗം ഉച്ചസ്ഥായിയില്‍ എത്തി രോഗവ്യാപനം കുറയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച് ആയിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇക്കാര്യം മുന്‍പ് വിശദമാക്കിയതാണ്. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയിട്ടുണ്ട്.
ഈ ഘട്ടത്തില്‍ രോഗബാധിതരായവര്‍ക്കിടയില്‍ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണസംഖ്യ ഉയരുന്നത്. മരണസംഖ്യയില്‍ കാര്യമായ കുറവുണ്ടാകാന്‍ നാലാഴ്ച വരെ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രോഗവ്യാപനത്തിന്റെ വേഗം പിടിച്ചുനിര്‍ത്തി ആരോഗ്യ സംവിധാനത്തിനുള്‍ക്കൊള്ളാവുന്ന പരിധിക്ക് താഴെ നിര്‍ത്തുക എന്ന നയമാണ് നാം തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് മറ്റു പ്രദേശങ്ങളേക്കാള്‍ നീണ്ടു നില്‍ക്കുന്ന രോഗവ്യാപനത്തില്‍ അധികമായി ആശങ്ക ഉണ്ടാകേണ്ടതില്ല. ആളുകളുടെ ജീവന്‍ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം ഏറ്റവും നന്നായി നിര്‍വഹിക്കുക എന്നതിന് പ്രാധാന്യം നല്‍കിയേ തീരൂ.
ലോക്ഡൗണ്‍ ഇളവുകള്‍ ലഭിക്കുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മനുഷ്യസഹജമാണ്. കേരളത്തിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയാണ്. അതുകൊണ്ട് ലോക്ഡൗണ്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കോവിഡ് വ്യാപനത്തിനിടയാക്കുന്ന വിധത്തിലുള്ള പെരുമാറ്റവും പ്രവര്‍ത്തനങ്ങളും ഉണ്ടാകാതെ നമ്മള്‍ നോക്കണം.
മാസ്‌ക്, സാനിറ്റൈസര്‍ മുതലായ കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിലയ്ക്ക് തന്നെ വില്‍ക്കണമെന്ന് നേരത്തേ ഉത്തരവായിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും ഇവ വിലകൂട്ടി വില്‍ക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്.
സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കൂടിയ വിലയ്ക്ക് ഇത്തരം സാധനങ്ങള്‍ വിറ്റ കാസര്‍കോട്ടെ ചെര്‍ക്കളം, മഞ്ചേശ്വരം, ബദിയടുക്ക എന്നിവിടങ്ങളിലെ മൂന്ന് മരുന്നുകടകള്‍ക്കെതിരേ കേസെടുക്കുകയും അവ അടപ്പിക്കുകയും ചെയ്തു. തൊടുപുഴയില്‍ ഒരു സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.