ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകളുടെ നിരക്ക് കൂട്ടി. നിരക്കില്‍ 13 മുതല്‍ 16 ശതമാനം വരെയാണ് വര്‍ധന. ജൂണ്‍ ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ജൂണ്‍ ഒന്ന് മുതല്‍ 50 ശതമാനം വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
താഴ്ന്ന വിമാന നിരക്കിന്റെ പരിധിയിലാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വര്‍ധന വരുത്തിയത്. 40 മിനിറ്റുള്ള വിമാനയാത്രക്ക് കുറഞ്ഞ നിരക്ക് പരിധി 2,300 രൂപയില്‍ നിന്ന് 2,600 രൂപയായി ഉയര്‍ത്തി. 40 മിനിറ്റിനും 60 മിനിറ്റിനും ഇടയില്‍ യാത്ര ചെയ്യണമെങ്കില്‍ 3300 രൂപ ഇനി നല്‍കണം.
മുന്‍പ് 2900 രൂപയായിരുന്നു ഇത്. 180 മിനിറ്റുള്ള വിമാന യാത്ര ചാര്‍ജ് 7600 ല്‍ നിന്ന് 8700 ആയി വര്‍ധിപ്പിച്ചു. വിമാന കമ്പനികള്‍ക്കും ക്ലാസുകള്‍ക്കുമനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകും.
ലോക്ക്ഡൗണിന് ശേഷം 2020 മെയ് 25 ന് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോഴാണ് യാത്രാ സമയ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി മന്ത്രാലയം ടിക്കറ്റ് നിരക്കിന് താഴ്ന്നതും ഉയര്‍ന്നതുമായ പരിധി ഏര്‍പ്പെടുത്തിയത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ആഭ്യന്തര വിമാന നിരക്കിന്റെ താഴ്ന്നതും ഉയര്‍ന്നതുമായ പരിധി 10 മുതല്‍ 30% വരെ വര്‍ധിപ്പിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്ന് വിമാന സര്‍വ്വീസുകളിലുണ്ടായ നഷ്ടം കുറയ്ക്കാനാണ് നടപടി.
അതേസമയം ജൂണ്‍ ഒന്നുമുതല്‍ 30 ശതമാനം വിമാന സര്‍വീസുകള്‍ കുറക്കാനാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. ജൂണ്‍ 1 മുതല്‍ വിമാനങ്ങള്‍ക്ക് 50 ശതമാനം മാത്രമേ സര്‍വീസ് നടത്താനാകൂ എന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് സാഹചര്യം മൂലം യാത്രക്കാരുടെ സഞ്ചാരം കുറയുന്നു എന്നതാണ് ഇത് സമ്പന്ധിച്ച് മന്ത്രാലയത്തിന്റെ വിശദികരണം.