തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടിയ സാഹചര്യത്തില്‍ അത്യാവശ്യ സേവനങ്ങള്‍ക്കായി ചില ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവെ വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് നാം എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ ജില്ലകളിലും മേയ് 31 മുതല്‍ ജൂണ്‍ 9 വരെ ലോക്ക് ഡൗണ്‍ തുടരാനാണ് തീരുമാനം. ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ നല്‍കും. അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയര്‍, കശുവണ്ടി മുതലായവ ഉള്‍പ്പെടെ) ആവശ്യമായ മിനിമം ജീവനക്കാരെ (50 ശതമാനത്തില്‍ കവിയാതെ) ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) നല്‍കുന്ന സ്ഥാപനങ്ങള്‍/കടകള്‍ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ 5.00 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം.
ബാങ്കുകള്‍ നിലവിലുള്ള ദിവസങ്ങളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തന്നെ തുടരും. സമയം വൈകുന്നേരം അഞ്ചു മണി വരെ ആക്കി ദീര്‍ഘിപ്പിക്കും. വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹാവശ്യത്തിനുളള ടെക്സ്റ്റയില്‍, സ്വര്‍ണ്ണം, പാദരക്ഷ എന്നിവയുടെ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
കള്ളുഷാപ്പുകളില്‍ കള്ള് പാഴ്‌സലായി നല്‍കാന്‍ അനുമതി നല്‍കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകണം പ്രവര്‍ത്തിക്കേണ്ടത്. പാഴ് വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം നല്‍കി അത് മാറ്റാന്‍ അനുവദിക്കും.
ആര്‍ഡി കളക്ഷന്‍ ഏജന്റുമാര്‍ക്ക് പോസ്റ്റ് ഓഫീസില്‍ കാശടക്കാന്‍ ആഴ്ചയില്‍ രണ്ടു ദിവസം അനുമതി നല്‍കും. വ്യവസായശാലകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ വണ്ടികള്‍ ഓടിക്കും. നിയമന ഉത്തരവ് ലഭിച്ചവര്‍ ഓഫീസുകളില്‍ ജോയിന്‍ ചെയ്യാന്‍ കാത്തു നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോയിന്‍ ചെയ്യാം. അല്ലാത്തവര്‍ക്ക് സമയം ദീര്‍ഘിപ്പിച്ച് നല്‍കാവുന്നതാണ്.
ലോക്ഡൗണ്‍ പിന്‍വലിക്കാവുന്ന ഘട്ടത്തിലേക്ക് നമ്മളിപ്പോഴും എത്തിയിട്ടില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്. അണ്‍ലോക്കിന്റെ ആദ്യഘട്ടത്തിലെത്തുന്ന സാഹര്യമുണ്ടാകണമെങ്കില്‍ ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഇനിയും കുറവുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.