തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ജില്ലാ, സംസ്ഥാന നേതാക്കള്‍ അന്വേഷണത്തിന്റെ നിഴലില്‍ നില്‍ക്കെ, കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ട് വിനിയോഗത്തിലും ക്രമക്കേട് ഉണ്ടെന്ന് ആക്ഷേപം. സംഭവത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരനും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സരേന്ദ്രനും പ്രതിക്കൂട്ടിലായിരിക്കുന്നു.
കേരളത്തില്‍ ബി.ജെ.പിയെ ശക്തമാക്കാന്‍ കേന്ദ്ര നേതൃത്വം വന്‍തുകയാണ് നല്‍കിയത്. എന്നാല്‍ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലടക്കം ഫണ്ട് വിനിയോഗം കാര്യക്ഷമമല്ലായിരുന്നു എന്ന് ഒരു വിഭാഗം വാദിക്കുന്നു. ഇക്കാര്യത്തിലും ആരോപണത്തിന്റെ മുന നീളുന്നത് മുരളീധരനിലേക്കും കെ സുരേന്ദ്രനിലേക്കുമാണ്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്വാധീനവും വിജയ സാധ്യതയും കണക്കിലെടുത്ത് മണ്ഡലങ്ങളെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചത്. ഇതില്‍ കൂടുതല്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ തുകയാണ് കേന്ദ്രം അനുവദിച്ചത്.
അതേസമയം ഈ തുക പൂര്‍ണമായും ഉപയോഗിക്കാതെ ചിലര്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ മുരളീധരനെയും സുരേന്ദ്രനെയും കുറ്റപ്പെടുത്തിയും സത്യാവസ്ഥ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.
ബി.ജെ.പിയുടെ വിലയിരുത്തല്‍ അനുസരിച്ച് 35 എ ക്ലാസ് മണ്ഡലങ്ങളായിരുന്നു ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ വിജയസാധ്യതയുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടതല്‍ പണവും അനുവദിച്ചത്. എന്നാല്‍ ഇതില്‍ ചില മണ്ഡലങ്ങളില്‍ ആറു കോടി രൂപ വരെ നല്‍കിയപ്പോള്‍ ചിലയിടത്ത് 2.20 കോടി വരെ മാത്രമാണ് നല്‍കിയത്. സംസ്ഥാന നേതൃത്വത്തിലടക്കം നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരാട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവേചനമെന്ന് മറു വിഭാഗം വാദിക്കുന്നു.
രണ്ടാം നിരയില്‍പ്പെട്ട ബി ക്ലാസ് വിഭാഗത്തിലെ മണ്ഡലങ്ങളുടെ പട്ടികയില്‍ 25 എണ്ണമാണ് ഉണ്ടായിരുന്നത്. ഇതില്‍ ചിലയിടത്ത് ഒന്നരക്കോടി രൂപ നല്‍കിയപ്പോള്‍ ബാക്കിയുള്ളടത്ത് ഒരു കോടിയും 50 ലക്ഷവും 25 ലക്ഷവുമായി വരെ പരിമിതപ്പെടുത്തിയെന്നും ആരോപിക്കുന്നു.
ഇതുസംബന്ധിച്ച കണക്കുകള്‍ സംസ്ഥാന നേതൃത്വം പുറത്തുവിടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി പോലുമില്ലാതെയിറങ്ങിയ ബി.ജെ.പി, നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മിറ്റി രൂപീകരിച്ചെങ്കിലും ഫിനാന്‍സ് കമ്മിറ്റി രൂപീകരിക്കാതെ ഫണ്ട് വിനിയോഗം നടത്തിയത്.
സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും സംഘടനാ സെക്രട്ടറി എം ഗണേഷും ചേര്‍ന്നാണ് കേരളത്തിലെ തിരഞ്ഞടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതെന്നും നേതാക്കളില്‍ ഒരു വിഭാഗം ആരോപിക്കുന്നു. വകമാറ്റിയ തുക മറ്റ് സംസ്ഥാനങ്ങളില്‍ നിക്ഷേപിച്ചതായും കത്തില്‍ ആരോപിക്കുന്നുണ്ട്. അതേസമയം സംസ്ഥാന നേതാക്കള്‍ക്കെതിരെ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നും പരാതിയുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഓള്‍ കേരളാ ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷന്‍ ഐസക് വര്‍ഗീസ് ആണ് പരാതി നല്‍കിയത്. റോഡിലെ വാഹനപരിശോധന ഒഴിവാക്കി കള്ളപ്പണം കൊണ്ടുപോകാന്‍ കെ. സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചെന്നാണ് പരാതി.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി വലിയ രീതിയില്‍ പണം ഒഴിക്കിയതായി സിപിഎമ്മും കോണ്‍ഗ്രസും നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊടകര കുഴല്‍ പണ കേസില്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ വരുന്നതും ഇപ്പോള്‍ അനധികൃത സാമ്പത്തിക ഇടപ്പാട് ആരോപണം ഉയരുന്നത്.