തിരുവനന്തപുരം : മറ്റു പാര്‍ട്ടികളുമായി സഹകരിച്ച് നരേന്ദ്ര മോദിയെ ഭരണത്തില്‍നിന്ന് താഴെയിറക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി പറഞ്ഞു.
മറ്റു പാര്‍ട്ടികളുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നും ഉദയ്പുരിലെ ചിന്തന്‍ ശിബിരത്തില്‍ ഇതിനുള്ള തന്ത്രം തയാറാക്കുമെന്നും ആന്റണി പറഞ്ഞു. പ്രതിപക്ഷമുന്നണിക്കു കോണ്‍ഗ്രസ് നേതൃത്വം നല്‍കും. കോണ്‍ഗ്രസ് ഇല്ലാതെ മോദിയെ താഴെയിറക്കാന്‍ പറ്റുമെന്നാണു ചില പാര്‍ട്ടികള്‍ വിചാരിക്കുന്നത്. അവരുടെ ലക്ഷ്യം വേറെയാണ്. ബിജെപിവിരുദ്ധത ആത്മാര്‍ഥമാണെങ്കില്‍ അവര്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നും ആന്റണി പറഞ്ഞു.
ഐഎന്‍ടിയുസി ദേശീയ പ്ലാറ്റിനം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് വേണ്ടെന്നു പറയുന്നവര്‍ നാടിന്റെ ശത്രുക്കളാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. ബിജെപിയെ എതിര്‍ക്കുന്നുവെന്നു നടിക്കുകയും മോദിക്കു ഭരിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കുകയുമാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് ജി.സഞ്ജീവ റെഡ്ഡി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എംപിമാരായ ശശി തരൂര്‍, എം.കെ.രാഘവന്‍, എംഎല്‍എമാരായ എം.വിന്‍സന്റ്, റോജി എം.ജോണ്‍, മാത്യു കുഴല്‍നാടന്‍, ഡിസിസി പ്രസിഡന്റുമാരായ പാലോട് രവി, ബി.ബാബു പ്രസാദ്, ഐഎന്‍ടിയുസി ഭാരവാഹികളായ കെ.പി.ഹരിദാസ്, കെ.സുരേഷ്ബാബു, തമ്പി കണ്ണാടന്‍, വി.ജെ.ജോസഫ്, വി.ആര്‍.പ്രതാപന്‍, എം.പി.പത്മനാഭന്‍, എം.രാഘവയ്യ, അശോക് സിങ്, സഞ്ജയ് സിങ്, അല്‍ക്ക ക്ഷത്രിയ, ആര്‍.ഡി.ചന്ദ്രശേഖരന്‍, കൃഷ്ണവേണി ജി.ശര്‍മ എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധി എംപിയുടെയും സന്ദേശം ചടങ്ങില്‍ വായിച്ചു.
ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി ഓഫിസായ കെ.കരുണാകരന്‍ സ്മാരക മന്ദിരം ജി.സഞ്ജീവ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ആര്‍.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. എ.കെ.ആന്റണി, കെ.സുധാകരന്‍, തെന്നല ബാലകൃഷ്ണപിള്ള, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പത്മജ വേണുഗോപാല്‍, പി.സി.വിഷ്ണുനാഥ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
നവംബറില്‍ ഛത്തീസ്ഗഡില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തിന്റെ അജന്‍ഡ നിശ്ചയിക്കാന്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകസമിതി യോഗവും ചേര്‍ന്നു.
അതിനിടെ, ഐഎന്‍ടിയുസി നേതൃത്വവുമായി ഉരസലിലായിരുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ തിരുവനന്തപുരത്തുണ്ടായിരുന്നെങ്കിലും സമ്മേളനത്തില്‍ പങ്കെടുത്തില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടിയാലോചനകളിലായിരുന്നെന്നു പ്രതിപക്ഷനേതാവിന്റെ ഓഫിസ് അറിയിച്ചു.