കോഴിക്കോട്: പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്‌റസ വാര്‍ഷിക പരിപാടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് നടത്തിയ അധിക്ഷേപം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമസ്ത നേതാവിന്റെ പരാമര്‍ശം പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണ്. പരാമര്‍ശം പെണ്‍കുട്ടികളെ അപമാനിക്കുന്നതാണ്. പെണ്‍കുട്ടികള്‍ക്കുള്ള അംഗീകാരം അവര്‍ തന്നെയാണ് വാങ്ങേണ്ടതെന്നും മന്ത്രി പറഞ്ഞു.
പൊതുവേദിയിലേക്ക് ക്ഷണിച്ച് പുരസ്‌കാരം നല്‍കിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സമസ്ത നേതാവ് അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഘാടകര്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിക്കുകയും പെണ്‍കുട്ടി എത്തി പുരസ്‌കാരം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെതിരെ സമസ്ത നേതാവ് അവിടെ വെച്ച് തന്നെ ക്ഷുഭിതനാകുകയായിരുന്നു. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ എന്ന് ചോദിച്ച നേതാവ്, രക്ഷിതാവിനോട് വരാന്‍ പറയൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ പുറത്തായതോടെ ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
സമസ്ത നേതാവിനെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള വനിത കമീഷന്‍ അധ്യക്ഷയുമെല്ലാം വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സമസ്തയുടെ വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന വിവാദത്തോട് പ്രതികരിക്കവെ, ഒരുതരത്തിലുള്ള സ്ത്രീവിരുദ്ധ നിലപാടിനോടും കോണ്‍ഗ്രസിനും യു.ഡി.എഫിനും യോജിപ്പില്ലെന്നാണ് വി.ഡി. സതീശന്‍ പറഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെ വിവാദദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടു. അത് ശരിയാണെങ്കില്‍ അതിനോട് യോജിക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു.
സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം അപലപനീയമാണെന്നാണ് കേരള വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതികരിച്ചത്. സ്ത്രീ സാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കല്‍പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് നടത്താനുള്ള മതനേതൃത്വത്തിന്റെ നീക്കത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നും കമീഷന്‍ അധ്യക്ഷ പറഞ്ഞു.
സംഭവത്തില്‍ ശക്തമായി പ്രതികരിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. സ്ത്രീ-പുരുഷ അവകാശങ്ങളെക്കുറിച്ചുള്ള ഖുര്‍ആന്‍ വചനം ഉദ്ധരിച്ച് ട്വിറ്ററിലൂടെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം. മുസ്‌ലിം സമുദായത്തില്‍ ജനിച്ചതുകൊണ്ടുമാത്രമാണ് പെണ്‍കുട്ടിക്ക് ഈ അപമാനം നേരിടേണ്ടിവന്നത്. ഖുര്‍ആന്‍ തത്ത്വങ്ങള്‍ക്കും ഭരണഘടനക്കും വിരുദ്ധമായി മുസ്‌ലിം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.