ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്കു വിശ്രമമില്ലെന്നു നരേന്ദ്ര മോദി വ്യക്തമാക്കി. ഗുജറാത്തിലെ ഭറൂച്ചില്‍ ഉത്കര്‍ഷ് സമറോ പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
”ഞാന്‍ ബഹുമാനിക്കുന്ന വളരെ മുതിര്‍ന്ന പ്രതിപക്ഷ നേതാവായിരുന്ന ആള്‍ ഒരിക്കല്‍ ചോദിച്ചു. രണ്ടു തവണ പ്രധാനമന്ത്രിയായി ഇനി എന്താണ് നേടാനുള്ളത് എന്ന്. സര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാക്കാതെ എനിക്കു വിശ്രമമില്ലെന്നു മറുപടി നല്‍കി” നരേന്ദ്ര മോദി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ നാലു പദ്ധതികളുടെ ഗുണഭോക്താക്കളാണ് ചടങ്ങില്‍ എത്തിയത്. ‘ഒരിക്കല്‍ ഞാന്‍ ഒരു നേതാവിനെ കണ്ടു… അദ്ദേഹം വളരെ മുതിര്‍ന്ന നേതാവാണ്… രാഷ്ട്രീയമായി എതിര്‍ചേരിയിലാണ്, പക്ഷേ, ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരുദിവസം അദ്ദേഹം മറ്റു ചില വിഷയങ്ങള്‍ക്കായി എന്നെ കാണാന്‍ വന്നു. അദ്ദേഹം പറഞ്ഞു ‘മോദിജി, ഇനി താങ്കള്‍ക്ക് എന്താണ് നേടാനുള്ളത്? രാജ്യം രണ്ടു തവണ താങ്കളെ പ്രധാനമന്ത്രിയാക്കിയല്ലോ.
അദ്ദേഹം വിചാരിച്ചു, രണ്ടു തവണ പ്രധാനമന്ത്രിയായത് വലിയൊരു നേട്ടമാണെന്ന്. എന്നാല്‍ അദ്ദേഹത്തിന് അറിയില്ല, ഈ മോദിയെ മറ്റൊന്നുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ മണ്ണാണ് മോദിയെ രൂപപ്പെടുത്തിയത്. ഇപ്പോള്‍ വിശ്രമിക്കാറായിട്ടില്ല. സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ്. അല്ല, പരിപൂര്‍ണ പരിണാമം സംഭവിക്കുക എന്നതാണ് എന്റെ സ്വപ്നം. ലക്ഷ്യം 100 ശതമാനം പൂര്‍ത്തീകരിക്കുക. സര്‍ക്കാര്‍ സംവിധാനങ്ങളെ ഒരു ശീലത്തിലേക്കു മാറ്റുക, പൗരന്മാരില്‍ വിശ്വാസം കൊണ്ടുവരിക.
2014ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പകുതിയോളം ജനങ്ങള്‍ ശൗചാലയ സൗകര്യങ്ങള്‍, വാക്‌സിനേഷന്‍, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയില്‍നിന്ന് അകലെയായിരുന്നു. ഒരു തരത്തില്‍പ്പറഞ്ഞാല്‍ അവര്‍ക്ക് അവയൊക്കെ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. ഈ വര്‍ഷങ്ങള്‍ നമ്മുടെ പ്രയത്‌നത്താല്‍ പല പദ്ധതികളും 100 ശതമാനം സാക്ഷാത്കരിക്കാനായി.
താനിവിടെ രാഷ്ട്രീയം കളിക്കാന്‍ വന്നതല്ല, രാജ്യത്തിന്റെ പൗരന്മാരെ സേവിക്കാന്‍ വന്നതാണ്’ മോദി കൂട്ടിച്ചേര്‍ത്തു.