തിരുവനന്തപുരം/കൊല്ലം: അമേരിക്കന്‍ മലയാളികളുടെ ബൃഹത് ഫെഡറേഷനായ ഫോമയുടെ കേരള കണ്‍വല്‍ഷന്‍ (മെയ് 13, 14, 14) ജനപക്ഷ പരിപാടികളിലൂടെ ജന്‍മഭൂമിയുടെ ആദരവ് പിടിച്ചുപറ്റി. കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് അമേരിക്കന്‍ മലയാളികളെന്ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ഫോമയുടെ ഏഴാമത് കേരള കണ്‍വന്‍ഷന് ഭദ്രദീപം തെയിയിച്ചുകൊണ്ട് ധനമന്തി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തമേഖലയിലെ പ്രശസ്ത വ്യക്തികള്‍ സാന്നിധ്യമറിയിച്ചു.
ഫോമയുടെ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പഠന സഹായി സഞ്ചയിനി പദ്ധതിയുടെ ഭാഗമായിയുള്ള സ്‌കോളര്‍ഷിപ്പ് വിതരണം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു അശരണര്‍ക്ക് ആശ്വാസമായി ജീവകാരുണ്യ മേഖലയില്‍ ഫോമയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മാതൃകാപ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പ്രശംസനീയമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനായ സിബിക്ക് ഫോമ നല്‍കുന്ന ധനസഹായമായ രണ്ടു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി. ഫോമയുടെ സാഹിത്യ സാംസ്‌കാരിക പ്രസിദ്ധീകരണമായ ‘അക്ഷര കേരളം ത്രൈമാസിക’ ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അക്ഷര കേരളം മാനേജിംഗ് എഡിറ്റര്‍ സൈജന്‍ കണിയോടിക്കലിന് നല്‍കി നിര്‍വ്വഹിച്ചു.
മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പ്രകാശന കര്‍മ്മം നടന്നത്. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ്, ഫോമ നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍, അക്ഷര കേരളം മാനേജിംഗ് എഡിറ്റര്‍ സൈജന്‍ കണിയോടിക്കല്‍, ജാസ്മിന്‍ പരോള്‍, രാജു ഏബ്രഹാം, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, വിന്‍സന്റ് ബോസ്, പോള്‍ പറമ്പി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു ഫോമ കേരളാ കണ്‍വന്‍ഷന്റെ പശ്ചാത്തലത്തില്‍ അക്ഷരകേരളം ത്രൈമാസികയുടെ ആദ്യത്തെ അച്ചടിച്ച പതിപ്പു കൂടിയാണ് പ്രകാശനം ചെയ്തത്.
സാമൂഹ്യ സാംസ്‌കാരിക, സാഹിത്യ മേഖലകളില്‍ ഫോമയുടെ ഇടപെടലുകള്‍ വ്യാപിപ്പിക്കുകയും അമേരിക്കന്‍ മലയാളികളിലെ സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് അക്ഷര കേരളം ത്രൈമാസിക തുടങ്ങിയതെന്ന് മാനേജിംഗ് എഡിറ്റര്‍ സൈജന്‍ കണിയോടിക്കല്‍ പറഞ്ഞു.അമേരിക്കയിലെയും കേരളത്തിലേയും എഴുത്തുകാരുടെ രചനകളും, സമകാലിക രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങളും ഉള്‍പ്പെടുത്തിയാണ് അക്ഷര കേരളം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഫോമയുടെ കോവിഡ്കാല സഹായങ്ങള്‍ കേരളം എക്കാലവും സ്മരിക്കപ്പെടുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. ആശുപത്രികള്‍ക്ക് സഹായം, മെഡിക്കല്‍ ക്യാമ്പുകള്‍, നേഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ്, ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് വഴി സഹായം, മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാം കൃത്യമായി നല്‍കുവാന്‍ ഫോമയ്ക്ക് സാധിച്ചതില്‍ നമുക്കെല്ലാം അഭിമാനിക്കാം. അതുകൊണ്ട് ഫോമയ്‌ക്കൊപ്പം വര്‍ഷങ്ങളായി ഒപ്പം കൂടാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോമാ ഇന്നത് നാഷണല്‍ കണ്‍വെന്‍ഷനിലേക്കുള്ള ഇന്‍വിറ്റേഷന്‍ മുന്‍ ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ മോന്‍സ് ജോസഫിന് കൈമാറി.
കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ച് കൊല്ലം ബീച്ചില്‍ ലോക സമാധാനത്തിന് ഫോമയുടെ സന്ദേശമായി ‘ഗ്ലോബല്‍ പീസ് 365’ പട്ടം പറത്തല്‍ നടന്നു. തുടര്‍ന്ന് മന്ത്രി എ ചിഞ്ചുറാണി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയടക്കമുള്ള വര്‍ പങ്കെടുത്ത മഹാ സമ്മേളനത്തോടെ സമാപനമായി.
പട്ടം പറത്തല്‍ ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു കൗതുകം കൂടിയാണ്. അതുകൊണ്ടാണ് ലോക സമാധനത്തിന് വേണ്ടി വിവിധ രാജ്യങ്ങള്‍ പട്ടം പറത്തല്‍ ഒരു പ്രതീകമായി അവതരിപ്പിക്കുന്നതെന്ന് ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കലും ഗ്ലോബല്‍ പീസ് 365 കോര്‍ഡിനേറ്റര്‍ സുനു ഏബ്രഹാം എന്നിവര്‍ പറഞ്ഞു.
കേരളാ കണ്‍വന്‍ഷന്‍ വേദിയില്‍ വനിതാ കമ്മീഷന്‍ അംഗം ഇ. എം രാധയ്ക്ക് പരാതികള്‍ കേള്‍ക്കാനുള്ള വേദി കൂടിയായി. ആയിരങ്ങളുടെ പരാതികള്‍ക്ക് ശാശ്വത പരിഹാരം കണ്ട കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം. എസ് നമ്പൂതിരിപ്പാടിന്റെ മകളാണ് ഇ.എം. രാധ. ഫോമ വനിതാ ഫോറം സംഘടിപ്പിച്ച സഞ്ചയിക സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങിലെ അതിഥി കൂടിയായിരുന്നു ഇ.എം.
രാധ. ചടങ്ങുകള്‍ കഴിഞ്ഞപ്പോഴാണ് വനിതാ കമ്മീഷന്‍ അംഗത്തിന് മുന്നില്‍ പരാതികളുമായി ചടങ്ങിനെത്തിയവരില്‍ ചിലര്‍ എത്തിയത്. സമാധാനമായി പരാതികള്‍ കേട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഔദ്യോഗികമായി വനിതാ കമ്മീഷനില്‍ പരാതികള്‍ നല്‍കാനും ആവശ്യപെട്ടാണ് അവര്‍ പോയത്.
ഫോമാ കണ്‍വന്‍ഷന്റെ ഏറ്റവും ലളിതവും മികച്ചതുമായ ചടങ്ങായിരുന്നു സഞ്ചയിക സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങെന്ന് ഇ.എം രാധ അഭിപ്രായപ്പെട്ടു. നാല്പതോളം ബി.എസ്.സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പതിനായിരം രൂപ വീതം പഠനകാലയളവില്‍ ലഭിക്കുക എന്നത് വലിയ കാര്യമാണ്.
ഏതാണ്ട് 20 ലക്ഷം രൂപ ഈ കാരുണ്യ പ്രവര്‍ത്തനത്തിന് ഫോമ മാറ്റിവച്ചതില്‍ സന്തോഷമുണ്ട്. ആരോഗ്യമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കു വാര്‍ ഫോമ കാണിക്കുന്ന താല്പര്യത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഫോമ എംപവര്‍ കേരള 2022’ എന്ന പേരില്‍ മെയ് അഞ്ചിന് ലോക മലയാളി ബിസിനസുകാര്‍ ഒന്നിക്കുന്ന ബിസിനസ് മീറ്റ് എറണാകുളം ഗ്രാന്റ് ഹയാത്തില്‍ നടന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി നാല് കോടി രൂപയുടെ സേവന പദ്ധതികള്‍ ഫോമ കേരളത്തില്‍ നടപ്പാക്കിയിരുന്നു. ബാലരാമപുരത്തെ കൈത്തറി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് നിരവധി പദ്ധതികള്‍ ഫോമ തയ്യാറാക്കി നടപ്പിലാക്കിയിരുന്നു. .
ഫോമ വിമെന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 കുട്ടികള്‍ക്ക് ഉപരിപഠനത്തിനുള്ള ധനസഹായം നല്‍കും. കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജേക്കബ് തോമസ് എന്നിവര്‍ കണ്‍വന്‍ഷന് മുന്നോടിയായി അഭ്യര്‍ത്ഥിച്ചിരുന്നു.