ലണ്ടന്‍: ഇംഗ്ലണ്ടിലെ റോയ്സ്റ്റണ്‍ ടൗണിനെ ഇനി മലയാളി മേയര്‍ നയിക്കും. പുതിയ മേയറായി മലയാളിയായ മേരി റോബിന്‍ ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. മുംബൈ മലയാളിയായ മേരി റോബിന്‍ ആന്റണി കൊച്ചി പെരുമ്പടപ്പില്‍ ആണ് ജനിച്ചത്. മുംബെയിലും ബറോഡയിലും അധ്യാപികയായി. കേരളത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായും രണ്ടുവര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
റോയ്സ്റ്റണ്‍ ടൗണിന്റെ മേയറാകുന്ന ആദ്യത്തെ ഏഷ്യന്‍ വംശജയാണ് മേരി. ഏറെനാളായി ഇവിടെ സാമൂഹ്യരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. ഭര്‍ത്താവ് റോബിന്‍ ആന്റണി ഡോക്ടറാണ്. റിയ, റീവ് എന്നിവര്‍ മക്കളാണ്. പ്രാദേശിക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്ഥാപിച്ച റോയ്‌സ് ടൗണ്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് രണ്ടാഴ്ച മുമ്പു നടന്ന തിരഞ്ഞെടുപ്പില്‍ മേരി വിജയിച്ചത്. ഈ പാര്‍ട്ടിയുടെ ഡപ്യൂട്ടി ലീഡറുമാണ് മേരി.
ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സിലുകളില്‍ നിലവില്‍ മേയര്‍ പദവി അലങ്കരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മേരി റോബിന്‍ ആന്റണി. ലണ്ടനിലെ കിങ്സ്റ്റണ്‍ അപ്പോണ്‍ തേംസില്‍ മേയറായ സുശീല ഏബ്രഹാമും ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക്കില്‍ മേയറായ ടോം ആദിത്യയുമാണ് മറ്റു രണ്ടുപേര്‍.
മുന്‍പ് ലണ്ടനിലെ ന്യൂഹാം കൗണ്‍സിലില്‍ ഓമന ഗംഗാധരനും ക്രോയിഡണില്‍ മഞ്ജു ഷാഹുല്‍ ഹമീദും ലൗട്ടണ്‍ സിറ്റി കൗണ്‍സിലില്‍ ഫിലിപ്പ് ഏബ്രഹാമും മേയര്‍ സ്ഥാനം അലങ്കരിച്ചിരുന്നു.