തൃശൂര്‍: ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നു.
കെ. കരുണാകരന്റെ പേഴ്‌സനല്‍ സെക്രട്ടറിയും യു.ഡി.എഫ് തൃശൂര്‍ നിയോജക മണ്ഡലം ചെയര്‍മാനുമായവി.ആര്‍. മോഹനന്‍, ഐ ഗ്രൂപ് നേതാവും യു.ഡി.എഫ് തൃശൂര്‍ നിയോജക മണ്ഡലം ചെയര്‍മാനും ഐ.എന്‍.ടി.യു.സി ജില്ല ജനറല്‍ സെക്രട്ടറിയുമായ അനില്‍ പൊറ്റേക്കാട്, നടത്തറ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡി.സി.സി അംഗവുമായ സജിത ബാബുരാജ്, ഒ.ബി.സി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ടി.എം. നന്ദകുമാര്‍, ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ബിജു കോരപ്പത്ത്, ഐ.എന്‍.ടി.യു.സി ഒല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഒല്ലൂര്‍ സഹകരണസംഘം ഡയറക്ടറുമായ സുരേഷ് കാട്ടുങ്ങല്‍, ജവഹര്‍ ബാലഭവന്‍ തൃശൂര്‍ മണ്ഡലം പ്രസിഡന്റും മഹിള കോണ്‍ഗ്രസ് ഭാരവാഹിയുമായ മാലതി വിജയന്‍, തൃശൂര്‍ വ്യവസായ സഹകരണസംഘം പ്രസിഡന്റ് ഷിജു വെളിയന്നൂര്‍കാരന്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
വര്‍ഷങ്ങളായി കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ ഭരണം നടത്തുന്ന ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘവും നേതാക്കളുടെ പോക്കില്‍ ബി.ജെ.പിയുടെ കൈയിലെത്തി. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അംഗത്വം വിതരണം ചെയ്തു.
സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ല ജോയന്റ് സെക്രട്ടറിയും തൃശൂര്‍ മള്‍ട്ടിപര്‍പ്പസ് ബാങ്ക് ഡയറക്ടറുമായ സുനില്‍കുമാറും സുരേന്ദ്രനില്‍നിന്ന് ബി.ജെ.പി അംഗത്വം എടുത്തവരിലുണ്ട്.
സ്വീകരണയോഗത്തില്‍ ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, സംസ്ഥാന വക്താക്കളായ നാരായണന്‍ നമ്പൂതിരി, ടി.പി. സിന്ധുമോള്‍, മേഖല ജനറല്‍ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ.ആര്‍. ഹരി, ജസ്റ്റിന്‍ ജേക്കബ്, മേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍, എം.എസ്. സമ്പൂര്‍ണ എന്നിവര്‍ സംസാരിച്ചു.