ഡാലസ്: ടെക്‌സസിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 19 കുട്ടികളും അധ്യാപികയുള്‍പ്പെടെ മൂന്ന് മുതിര്‍ന്നവരുമാണു കൊല്ലപ്പെട്ടത്. സാന്‍ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരന്‍ സാല്‍വദോര്‍ റമോസാണ് അക്രമം നടത്തിയത്. ഏറ്റുമുട്ടലില്‍ സാല്‍വദോറും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു.
മുത്തശ്ശിയെ കൊലപ്പെടുത്തിയശേഷമാണ് റമോസ് സ്‌കൂളിലെത്തി വെടിവയ്പ് നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. യുവാള്‍ഡിയിലെ റോബ് എലമെന്ററി സ്‌കൂളിലായിരുന്നു അക്രമം. 2, 3, 4 ക്ലാസുകളിലെ വിദ്യാര്‍ഥികളാണു കൊല്ലപ്പെട്ടവരില്‍ ഏറെയും. 10 ദിവസം മുന്‍പു ന്യൂയോര്‍ക്കിലെ ബഫലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പട്ടാളവേഷം ധരിച്ചെത്തിയ പേടെന്‍ ജെന്‍ഡ്രന്‍ (18) എന്നയാളാണു ബഫലോയില്‍ വെടിയുതിര്‍ത്തത്. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള വേഷവിധാനങ്ങളോടെയാണ് അക്രമി എത്തിയത്. ബഫലോയിലേത് വംശീയ ആക്രമണമാണെന്നാണു നിഗമനം.
ടെക്‌സസിലെ ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രസിഡന്റ് ജോ ബൈഡന്‍, യുഎസ് പതാക പകുതി താഴ്ത്തിക്കെട്ടാന്‍ നിര്‍ദേശം നല്‍കി.