കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കര അരീക്കല്‍ നൗജിഷ. ഇഷ്ടമില്ലാത്ത ബന്ധത്തില്‍ നിന്ന് ആത്മഹത്യ ചെയ്തു പിന്‍വാങ്ങുകയല്ല, പൊരുതി ജയിക്കുകയാണു വേണ്ടതെന്നു പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുകയാണു നൗജിഷയുടെ ജീവിതം.
സ്ത്രീധന പീഡനത്തെ തുടര്‍ന്നു ജീവനൊടുക്കിയ വിസ്മയയുടെ ദുരന്തകഥ ചര്‍ച്ച ചെയ്യുന്ന നാളുകളില്‍ തന്നെയാണു കേരളം നൗജിഷയുടെ അതിജീവനവും ചര്‍ച്ച ചെയ്യുന്നത്. എംസിഎ പഠനം പൂര്‍ത്തിയാക്കിയ നൗജിഷയുടെ വിവാഹം 2013 മേയിലായിരുന്നു. പത്താം ദിവസം മുതല്‍ ഗാര്‍ഹിക പീഡനം തുടങ്ങി. നിരന്തര മര്‍ദനത്തിനൊടുവില്‍ കിണറ്റില്‍ ചാടി മരിക്കാനൊരുങ്ങിയെങ്കിലും കിണറിന്റെ ആഴം കണ്ടപ്പോള്‍ ധൈര്യം വന്നില്ല. ഒടുവില്‍, ഒരു വയസ്സുള്ള മകനെയുമെടുത്ത് സ്വന്തം വീട്ടിലേക്കു മടങ്ങി. അന്ന് ഇരുകയ്യും നീട്ടി സ്വീകരിച്ച പിതാവ് അബ്ദുല്ലയും ഉമ്മ ഫാത്തിമയും സഹോദരിയുമാണു തന്റെ വിജയത്തിനു കാരണമെന്നു നൗജിഷ പറയുന്നു.
വീട്ടിലെത്തിയ ശേഷം നൗജിഷ ഗെസ്റ്റ് ലക്ചററായി ജോലിയില്‍ കയറി. പിഎസ്സി പരീക്ഷയ്ക്കുള്ള പഠനവും തുടര്‍ന്നു. മുഴുവന്‍ സമയവും പരിശീലനത്തിനു വേണ്ടി മാറ്റിവച്ചാലേ ജയിക്കാനാകൂ എന്നു കണ്ടു ജോലി ഉപേക്ഷിച്ചു. വിവാഹമോചനത്തിനു ശേഷം കഠിനപ്രയത്‌നത്തിനൊടുവില്‍ ചില റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ടു. സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷ ജയിച്ചെങ്കിലും കായിക പരീക്ഷയില്‍ തോറ്റു. തളരാതെ പരിശീലനം തുടര്‍ന്നു. പൊലീസ് ലിസ്റ്റില്‍ വീണ്ടും ഇടം നേടി. 2021 ഏപ്രില്‍ 15നു പരിശീലനത്തിനു കയറി.
പൊലീസ് പരിശീലന കാലത്ത് മകന്‍ ഐഹാം നസലിനെ എങ്ങനെ വളര്‍ത്തുമെന്നായിരുന്നു ടെന്‍ഷന്‍. ജോലി കിട്ടുന്നതു വരെ അവനെ പൊന്നു പോലെ നോക്കിക്കോളാം എന്നു പറഞ്ഞു ധൈര്യം നല്‍കിയത് കായണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റ് ആയ ചേച്ചി നൗഫ. ഏഴു വയസ്സുള്ള മോന്‍ ഇപ്പോള്‍ കൂടെയുണ്ട്. പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കിയെത്തിയ നൗജിഷയുടെ അടുത്തു കുതിച്ചെത്തി ഉമ്മകള്‍ കൊണ്ടു മൂടുന്ന മകന്റെ ദൃശ്യത്തിന് അപ്രതീക്ഷിത സ്വീകരണമാണു ലഭിച്ചത്.
വിസ്മയയുടെയും, അതുപോലെ ഒരുപാട് പെണ്‍കുട്ടികളുടെയും ജീവിതം മുന്‍നിര്‍ത്തി നൗജിഷ പറയുന്നതു കേള്‍ക്കുക: ‘പെണ്‍മക്കളെ പഠിപ്പിച്ച്, ജോലി കിട്ടിയതിനു ശേഷം മാത്രം വിവാഹം കഴിപ്പിച്ച് അയയ്ക്കുക, പഠനവും ജോലിയുമാണു പ്രധാനം. ഭര്‍ത്താവിന്റെ വീട്ടില്‍ മകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതു കേള്‍ക്കാനുള്ള മനസ്സ് മാതാപിതാക്കള്‍ കാണിക്കണം’. അന്നു ഗാര്‍ഹിക പീഡനം നേരിട്ടപ്പോള്‍ പൊലീസില്‍ പോകാനും പരാതിപ്പെടാനും നൗജിഷയ്ക്കു ഭയമായിരുന്നു. ഇന്ന് അതേ കാക്കിക്കുപ്പായത്തിനുള്ളിലിരുന്ന് നൗജിഷ പറയുന്നു: ‘ഒട്ടും ഭയം വേണ്ട. നിങ്ങള്‍ക്കൊപ്പം പൊലീസുണ്ട്. പൊരുതി നില്‍ക്കാനുള്ള ധൈര്യം മാത്രം മതി’.