കാഠ്മണ്ഡു: നേപ്പാളില്‍ അപകടത്തില്‍പ്പെട്ട താരാ എയര്‍ വിമാനത്തിലെ മുഴുവന്‍ യാത്രാക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും യാത്രാക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും നേപ്പാളിലെ മാധ്യമമായ മൈ റിപബ്ലിക്ക റിപ്പോര്‍ട്ട് ചെയ്തു. നാല് ഇന്ത്യക്കാരടക്കം 22 പേരുമായി പറന്നുയര്‍ന്ന താര എയറിന്റെ ട്വിന്‍ ഒട്ടര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. പൊഖാറ നഗരത്തില്‍ നിന്ന് മധ്യ നേപ്പാളിലെ വിനോദസഞ്ചാര നഗരമായ ജോംസോമിലേക്ക് പോകുകയായിരുന്നു വിമാനം.
മസ്താങ് ജില്ലയിലെ തസാങ്-2ല്‍ 14,500 അടി ഉയരത്തിലാണ് വിമാനം തകര്‍ന്നത്. വിമാന അവശിഷ്ടങ്ങളും മൃതദേഹങ്ങളും ഏകദേശം 100 മീറ്റര്‍ ചുറ്റളവില്‍ ചിതറിയതായി പൊലീസ് പറഞ്ഞു. വിമാനം തകര്‍ന്ന നിലയില്‍ കണ്ട വിവരം പ്രദേശവാസികള്‍ സൈന്യത്തെ അറിയിക്കുകയായിരുന്നു. വിമാനത്തില്‍ തീപിടിത്തമുണ്ടായിട്ടില്ലെന്നും സമീപത്തെ പാറക്കെട്ടില്‍ ഇടിച്ച ശേഷം അപകടത്തില്‍പ്പെടുകായായിരുന്നെന്നും പ്രദേശവാസിയായ ഇന്‍ഡ സിങ് പറഞ്ഞു.15 പേരടങ്ങുന്ന സൈനിക സംഘത്തെ സ്ഥലത്ത് ഇറക്കിയതായി നേപാള്‍ സൈനിക വക്താവ് നേരത്തെ അറിയിച്ചിരുന്നു.
എയര്‍ലൈനിന്റെ യാത്രക്കാരുടെ പട്ടികയില്‍ ഉണ്ടായിരുന്ന നാല് ഇന്ത്യക്കാര്‍ അശോക് കുമാര്‍ ത്രിപാഠി, ഭാര്യ വൈഭവി ത്രിപാഠി, അവരുടെ മക്കളായ ധനുഷ്, ?ഋതിക എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുംബൈയിലെ താനെ സ്വദേശികളാണിവര്‍.
മസ്താങ് ജില്ലയിലെ ജോംസോമിലൂടെ സഞ്ചരിച്ച വിമാനം ധൗലഗിരി പര്‍വതത്തിലേക്ക് വഴിതിരിച്ചു വിട്ടിരുന്നെന്നും അതിനുശേഷം ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു ലഭിച്ച ആദ്യ വിവരം. 2009ല്‍ യെതി എയര്‍ലൈന്‍സ് ഫ്ളീറ്റില്‍ നിന്നുള്ള വിമാനങ്ങള്‍ ഉപയോഗിച്ചാണ് താര എയര്‍ രൂപീകരിച്ചത്. 2019 ല്‍ താര എയറിനെ സുരക്ഷിതമല്ലാത്ത എയര്‍ലൈനുകളില്‍ ഒന്നായി ഫോര്‍ബ്‌സ് വിലയിരുത്തിയിരുന്നു.