തൃശ്ശൂര്‍: കൊടകരയില്‍ കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ധര്‍മരാജന്റെ മൊഴി. പണം ബി.ജെ.പിയുടേതാണെന്നും അവര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നും ധര്‍മരാജന്‍ പോലീസിനോട് പറഞ്ഞു. രണ്ട് തവണ ചോദ്യം ചെയ്തപ്പോഴും ഇതേമൊഴി തന്നെയാണ് അദ്ദേഹം ആവര്‍ത്തിച്ചത്.
ഇതോടെ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന ബി.ജെ.പിയുടെ അവകാശവാദം പൊളിയുകയാണ്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം പറയുന്നു. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് അന്വേഷണം ഉടന്‍ എത്തുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
കോഴിക്കോട് സ്വദേശിയായ ധര്‍മരാജനെ ചില ബി.ജെ.പി നേതാക്കള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ തിരഞ്ഞെടുപ്പ് സാമഗ്രഹികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധര്‍മരാജനുമായി സംസാരിച്ചതെന്നാണ് മൊഴി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ ധര്‍മരാജന് ബി.ജെ.പിയില്‍ യാതൊരു പദവിയും ഇല്ലെന്നും തിരഞ്ഞെടുപ്പിന്റെ ഒരു ചുമതലകളും ഇല്ലെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസവും ധര്‍മരാജനെ ചോദ്യം ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ധര്‍മരാജനെ തനിക്കറിയില്ലെന്നും ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. സതീശന്‍ പറയുന്നത് കളവാണെന്നാണ് ധര്‍മരാജനെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ബോധ്യമായിരിക്കുന്നത്. കുഴല്‍പ്പണം കടത്തിയ ധര്‍മ്മരാജന് മുറി ബുക്ക് ചെയ്തത് ബി.ജെ.പിയുടെ ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്ന് സതീശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
തൃശൂര്‍ പോലീസ് ക്ലബ്ബില്‍ രണ്ട് മണിക്കൂര്‍ നേരമാണ് പ്രത്യേക അന്വേഷണ സംഘം സതീശനെ ചോദ്യം ചെയ്തത്. ഏപ്രില്‍ 2 ന് തൃശൂര്‍ എം.ജി റോഡിലെ നാഷ്ണല്‍ ടൂറിസ്റ്റ് ഹോമില്‍ രണ്ട് മുറികള്‍ ബുക്ക് ചെയ്തത് താനാണെന്ന് സതീശന്‍ സമ്മതിച്ചു. ജില്ലാ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് മുറിയെടുത്തത്. മുറികള്‍ ആര്‍ക്ക് വേണ്ടിയാണെന്ന് അറിയില്ലായിരുന്നു. നാല് മാസം മുന്‍പ് മാത്രമാണ് ഓഫീസ് സെക്രട്ടറിയായി ചുമതലയേറ്റത്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല എന്നും സതീശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു
കുഴല്‍ പണ കേസില്‍ ഉള്‍പ്പെട്ട ധര്‍മരാജന്‍, സുനില്‍ നായിക് എന്നിവരെ പരിചയമില്ല. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളുമായി അടുപ്പമില്ലെന്നും സതീശന്‍ മൊഴി നല്‍കി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്. അതിനിടെ കേസിലെ 12 പ്രതികളുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി.
കവര്‍ച്ച ചെയ്യപ്പെട്ട കൂടുതല്‍ പണം വീണ്ടെടുക്കുന്നതിനായിരുന്നു പരിശോധന. എന്നാല്‍ പണം കണ്ടെത്താനായില്ല. കേസില്‍ ഇതുവരെ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ പലയിടങ്ങളില്‍ നിന്നായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആകെ മൂന്നര കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് പൊലീസ് കണ്ടെത്തല്‍.