തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക.
നയം തുടര്‍ച്ചയായതിനാല്‍, മുന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ വലിയ മാറ്റത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
എല്‍ഡിഎഫ് പ്രകടന പത്രികയിലെ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതാകും ബജറ്റിലെ മാറ്റം. 900 വാഗ്ദാനം എല്‍ഡിഎഫ് മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ അഞ്ചുവര്‍ഷമായി നടപ്പിലാക്കും. ഈ വര്‍ഷത്തെ പദ്ധതിയില്‍ പരിഗണിക്കേണ്ടവ സംബന്ധിച്ച ആലോചനയും ബജറ്റിലുണ്ടാകാം.
ആദ്യ ബജറ്റിലെ മുന്‍ഗണനയിലും അടങ്കലിലും കോവിഡിന്റെ രണ്ടാംവരവിന്റെ സാഹചര്യത്തില്‍ കാലികമായ മാറ്റമുണ്ടാകാം. കോവിഡില്‍ നിശ്ചലമായ സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ പാതയിലായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റ്. ഇത്തവണ കോവിഡ് രണ്ടാംതരംഗത്തില്‍ നാട് വീണ്ടും അടച്ചുപൂട്ടലിലാണ്.
പുതിയ വെല്ലുവിളി നേരിടാന്‍ ആരോഗ്യ മേഖലയ്ക്കുള്ള ഊന്നല്‍ വര്‍ധിക്കാം. കോവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിലുണ്ടാകാം. ഈ സാഹചര്യത്തില്‍ അടങ്കലില്‍ ഗണ്യമായ വര്‍ധന ആവശ്യമാകും. ജീവനോപാധി നിലച്ചവര്‍ക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരേണ്ടതുണ്ട്.
സമ്പദ്ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. വിപണിയെ ചലിപ്പിക്കാന്‍ ജനങ്ങളുടെ കൈയില്‍ പണം എത്തിക്കേണ്ടതുണ്ടെന്ന് ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.