തിരുവനന്തപുരം: വാക്‌സിന്‍ ഗവേഷണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. അമേരിക്കയിലെ അമേരിക്കയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (സി.ഡി.സി) മാതൃകയില്‍ സ്ഥാപനം കേരളത്തില്‍ ആരംഭിക്കുന്നത് ഏറെ ഗുണകരമാകുമെന്നും ഇതിനായി സാധ്യതാപഠനം നടത്തുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
മെഡിക്കല്‍ ഗവേഷണത്തിനും സാംക്രമിക രോഗങ്ങളെ തടയുന്നതിനും ഇത്തരമൊരു സ്ഥാപനം ഭാവിയില്‍ മുതല്‍ക്കൂട്ടാകും. സാധ്യതാപഠനത്തിനും പദ്ധതി രൂപരേഖ തയാറാക്കുന്നതിനും 50 ലക്ഷം രൂപ വകയിരുത്തിയതായി അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിനായിനായി 10 കോടി രൂപ മാറ്റിവെയ്ക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലാണ് വാക്‌സിന്‍ ഗവേഷണം ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ യു.എസിലെ ദേശീയ പൊതുജനാരോഗ്യ ഏജന്‍സിയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വ്വീസസിനു കീഴില്‍, ഒരു യു.എസ് ഫെഡറല്‍ ഏജന്‍സിയായ ഇതിന്റെ ആസ്ഥാനം ജോര്‍ജിയയിലെ അറ്റ്‌ലാന്റയാണ്.
അമേരിക്കന്‍ ഐക്യനാടുകളിലും ലോകത്താകമാനവും അസുഖം, പരിക്ക്, വൈകല്യം എന്നിവ നിയന്ത്രിക്കുക, തടയുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുകയെന്നതാണ് ഈ ഏജന്‍സിയുടെ സുപ്രധാന ലക്ഷ്യം.
രോഗ നിയന്ത്രണവും പ്രതിരോധവും വികസിപ്പിക്കുന്നതിലും പ്രയോഗിക്കുന്നതിലും സി.ഡി.സി ദേശീയ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പകര്‍ച്ചവ്യാധി, ഭക്ഷ്യജന്യ രോഗകാരികള്‍, പാരിസ്ഥിതിക ആരോഗ്യം, തൊഴില്‍ സുരക്ഷയും ആരോഗ്യവും, ആരോഗ്യ പുഷ്ടി, ക്ഷത നിവാരണം, യു.എസ് പൗരന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി രൂപകല്‍പ്പന ചെയ്ത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇത് പ്രത്യേകിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഗവേഷണം നടത്തുന്നതോടൊപ്പം അമിതവണ്ണം, പ്രമേഹം തുടങ്ങിയ പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നല്‍കുന്ന സി.ഡി.സി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ സ്ഥാപകാഗവുംകൂടിയാണ്.
അതേസമയം ആരോഗ്യ മേഖലയ്ക്ക് പ്രധാന്യം നല്‍കിയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ 2021-22ലെ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലെ പദ്ധതികള്‍ ഒഴിവാക്കിയിട്ടില്ലെന്നും അതിന്റെ കൂടെ നിലവിലെ സാമ്പത്തിക പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.