Saturday, September 7, 2024

HomeMain Storyകെ.എസ്.ആര്‍.ടി.സി: കേരള വാദം നിഷേധിച്ച് കര്‍ണാടക, വിട്ടുവീഴ്ചയില്ലെന്ന് കേരളം

കെ.എസ്.ആര്‍.ടി.സി: കേരള വാദം നിഷേധിച്ച് കര്‍ണാടക, വിട്ടുവീഴ്ചയില്ലെന്ന് കേരളം

spot_img
spot_img

ബെംഗളുരു: കെ.എസ്.ആര്‍.ടി.സി ബ്രാന്‍ഡുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് കര്‍ണാടകയുടെ ട്രാന്‍സ്‌പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ ശിവയോഗി കലാസാദ്. കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ‘കെ.എസ്.ആര്‍.ടി.സി’ എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കാനുള്ള അപ്പീല്‍ ശരിവച്ചുവെന്ന കേരളത്തിന്റെ വാദത്തെ എതിര്‍ത്താണ് ശിവയോഗി രംഗത്ത് വന്നിരിക്കുന്നത്.

അപ്പീലുകളില്‍ രജിസ്ട്രി അന്തിമ ഉത്തരവുകളൊന്നും പാസാക്കിയിട്ടില്ലെന്നും വിധി സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഇരു സംസ്ഥാനങ്ങളും പേരിനെച്ചൊല്ലി 2014 മുതല്‍ ആരംഭിച്ച നിയമപരമായ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കെഴുത്ത് അനുവദിച്ചുകൊണ്ട് രജിസ്ട്രി 1999 ലെ ട്രേഡ് മാര്‍ക്ക് ആക്ട് പ്രകാരം കേരളത്തിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചതായി കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബുധനാഴ്ച അവകാശപ്പെട്ടിരുന്നു.

ബസ് സര്‍വീസ് ആരംഭിച്ച 1965 മുതല്‍ കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്നുണ്ടെന്നും 1974ല്‍ മൈസൂരില്‍ നിന്ന് സംസ്ഥാനത്തിന്റെ പേര് മാറ്റിയ ശേഷമാണ് ‘കര്‍ണാടക’ നിലവില്‍ വന്നതെന്നുമാണ് കേരളത്തിന്റെ വാദം. ‘കെ.എസ്.ആര്‍ടി.സി’ എന്ന വ്യാപാരമുദ്ര കര്‍ണാടകക്ക് ഉപയോഗിക്കാന്‍ നിയമപരമായ തടസമില്ലെന്നും കേരളത്തിന്റെ വാദം തെറ്റാണെന്നും കലാസാദ് ചൂണ്ടിക്കാട്ടി.

അതേസമയം, കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ടുമായി നടത്തിയ നിയമനടപടികളില്‍ കര്‍ണാടക സര്‍ക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് കെ.എസ്.ആര്‍.ടി.സി തയ്യാറല്ലെന്ന് സി.എം.ഡി ബിജുപ്രഭാകര്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ഡൊമൈനുമായി ബന്ധപ്പെട്ട് കര്‍ണാടകയുമായി പോരാട്ടത്തിനില്ലെന്നും പ്രശ്‌നം ഉചിതമായ രീതിയില്‍ പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെ.എസ്.ആര്‍.ടി.സി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആവശ്യമെങ്കില്‍ സെക്രട്ടറി തലത്തിലോ മന്ത്രി തലത്തിലോ ചര്‍ച്ചയാകാമെന്നും പോസ്റ്റില്‍ പറഞ്ഞു. ഈ വിവരം ഔദ്യോഗികമായി കര്‍ണാടകയെ അറിയിക്കും.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടും പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ണാടക കേരളത്തിലേക്കും കേരളം കര്‍ണാടകയിലേക്കും യാത്രാക്കാര്യത്തില്‍ മാത്രമല്ല മറ്റുള്ള എല്ലാ കാര്യത്തിലും പരസ്പരം സഹകരിക്കുന്നവരാണ്.

അതിനാല്‍ ഇരു സംസ്ഥാനത്തേയും ജനങ്ങളുടെ സഹകരണങ്ങള്‍ എല്ലാം മുന്‍നിര്‍ത്തി മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ ഓണ്‍ലൈന്‍ ഡൊമൈന്റെകാര്യത്തില്‍ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിഎംഡി അറിയിച്ചു.

കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചെടുത്തോളം നീണ്ട ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കെ.എസ്.ആര്‍.ടി.സി എന്ന പേരും, ലോഗോയും, ആനവണ്ടി എന്നതുമുള്‍പ്പെടെ കേരളത്തിന് അംഗീകരിച്ച് കിട്ടിയത്.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സോണല്‍ ഓഫിസര്‍ ശശിധരന്‍, ഡെപ്യൂട്ടി ലോ ഓഫിസര്‍ പി.എന്‍ ഹേന, നോഡല്‍ ഓഫിസര്‍ സി.ജി പ്രദീപ് കുമാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരുടെ പരിശ്രമവും ഈ വിജയത്തിന് പിന്നിലുണ്ട്.

ഈ പോരാട്ടത്തിന് തുടക്കം കുറിച്ച യശ്ശരീരനായ മുന്‍ സി.എം.ഡി ആന്റണി ചാക്കോയോട് കെ.എസ്.ആര്‍.ടി.സിയും ജീവനക്കാരും എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നതായും അദ്ദേഹത്തിന് ശേഷം ചുമതല വഹിച്ച സി.എം.ഡിമാര്‍ എല്ലാം തന്നെ ഈ പോരാട്ടത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും നിലവിലെ സി.എം.ഡി ബിജുപ്രഭാകര്‍ അറിയിച്ചു.

കൂടാതെ കഴിഞ്ഞ ഒരു വര്‍ഷമായി ഇതിന് വേണ്ടി ശ്രമിച്ച അഭിഭാഷകനായ അഡ്വ. വിസ്സി ജോര്‍ജ്ജിനും സിഎംഡി പ്രത്യേക നന്ദി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments