Monday, January 20, 2025

HomeMain Storyകെ സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റാവും; ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍

കെ സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റാവും; ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍

spot_img
spot_img

കോഴിക്കോട്: അനിശ്ചിതത്വത്തിനും ഗ്രൂപ്പ് വടംവലികള്‍ക്കുമൊടുവില്‍ കെ.പി.സി.സി പ്രസിഡന്റായി കെ സുധാകരനെ പ്രഖ്യാപിക്കാനുള്ള സാഹചര്യം ഒരുങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ ഹൈക്കമാന്റ് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയുന്നത്. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ കടുത്ത എതിര്‍പ്പിലാണ്.

സുധാകരന്‍ പ്രസിഡന്റാവുന്നതോടെ ഗ്രൂപ്പിന് അതീതമായി യുവ തലമുറയുടെ ആവേശവും പിന്‍തുണയും ഉണ്ടാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുധാകരനു നറുക്കു വീഴുന്നത്. അപ്രതീക്ഷിതമായി വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച് ചെന്നിത്തലയുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയതുപോലുള്ള സാഹചര്യം ഒഴിവാക്കാന്‍ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചുവെന്ന് വരുത്തിയാവും പ്രഖ്യാപനം.

അതേസമയം വി.എം സുധീരന്‍ പ്രസിഡന്റായ കാലത്ത് സ്വീകരിച്ചതുപോലുള്ള തന്ത്രത്തിലൂടെ സുധാകരനെ നേരിടാനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. നിര്‍ജീവമായി നില്‍ക്കുക എന്നതാണ് ഈ തന്ത്രം. അവസാന വട്ടം വരെ സുധാകരനോടു മത്സരിക്കാന്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ഹൈക്കമാന്റിനു മുന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ കെ സി വേണുഗോപാല്‍ ശക്തമായ നിലപാടു സ്വീകരിച്ചതോടെ സുധാകരന്റെ പേരുതന്നെ പ്രഖ്യാപിക്കാന്‍ തീരുമാനമായി.

കെ.സി വേണുഗോപാല്‍ നടത്തിയ നീക്കങ്ങളോട് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പള്ളിക്കും ശക്തമായ എതിര്‍പ്പുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ നിരാശയില്‍ കഴിയുന്ന പ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം പകരാന്‍ കഴിയുന്ന നേതാവ് എന്ന നിലയിലാണ് ഹൈക്കമാന്റ് സുധാകരനെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോള്‍ ഏറെ സ്വാധീനമുള്ള നേതാവ് എന്ന പ്രതിച്ഛായയും സുധാകരനു മുതല്‍ക്കൂട്ടായി. അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ച സാഹചര്യത്തില്‍ തന്നെ സുധാകരനുവേണ്ടി ഡല്‍ഹിയില്‍ ആരംഭിച്ച നീക്കങ്ങളാണ് ഒടുവില്‍ വിജയം കാണുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ പ്രതിപക്ഷ നേതാവിനേയും കെ.പി.സി.സി പ്രസിഡന്റിനേയും മാറ്റണമെന്ന ശക്തമായ ആവശ്യം പ്രവര്‍ത്തകരില്‍ നിന്ന് ഉയര്‍ന്നിരുന്നു. നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ പ്രസിഡന്റ് പദത്തിനായി വളരെ നേരത്തെ ചരടുവലി തുടങ്ങിയ നേതാവാണ് കെ സുധാകരന്‍.

കൊടിക്കുന്നില്‍ സുരേഷ്, കെ.വി തോമസ് എന്നീ വൈസ് പ്രസിഡന്റുമാരും പ്രസിഡന്റ് പദവിയിലേക്കുള്ള സ്വാഭാവിക പരിഗണനാ പട്ടികയിലുണ്ടായിരുന്നെങ്കിലും ആരുടേയും പിന്‍തുണ ലഭിച്ചില്ല. പി.ടി തോമസ്, കെ മുരളീധരന്‍, പി.സി വിഷ്ണുനാഥ് എന്നീ പേരുകളും ഉയര്‍ന്നെങ്കിലും ഇവര്‍ക്കാര്‍ക്കുംവേണ്ടി ഡല്‍ഹിയില്‍ ചരടുവലിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

സുധാകരനിലേയ്ക്ക് ഹൈക്കമാന്‍ഡ് അടുത്തതോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പിന്‍വലിഞ്ഞു. എന്നാലും ഈ മൂന്നു നേതാക്കളുമായും സംസാരിച്ച ശേഷമാണ് കെ സുധാകരനെ പ്രഖ്യാപിക്കുന്നത്. ഈ ദൗത്യം ഏറ്റെടുത്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേതാക്കളെ ഫോണില്‍ വിളിച്ചു സംസാരിച്ചു കഴിഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments