മുംബൈ: പുനെയിലെ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ച എല്ലാവരും കമ്പനിയിലെ ജീവനക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പുനെയിലെ എസ്‌വിഎസ് അക്വാ ടെക്‌നോളജീസിന്റെ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് തീപിടുത്തം ഉണ്ടായത്. ആറ് യൂണിറ്റ് അഗ്‌നിശമനാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിലവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.
തീപിടിത്തം ഉണ്ടായ സമയത്ത് 37 ജീവനക്കാര്‍ യൂണിറ്റിനുള്ളില്‍ ജോലി ചെയ്തിരുന്നുവെന്നാണ് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. തീപ്പിടത്തത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തിരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തീ പടര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്ന വാര്‍ത്ത വേദനാജനകമാണ്. ദു ഖിതരായ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.