ന്യൂഡല്‍ഹി; കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എല്ലാ നടപടികളും അവസാനിപ്പിക്കാന്‍ സുപ്രീംകോടതി. ഇത് സംബന്ധിച്ച് അടുത്ത ചൊവ്വാഴ്ച കോടതി ഉത്തരവിറക്കും. പ്രതികള്‍ക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇറ്റലിയില്‍ ഇരുവരെയും വിചാരണ ചെയ്യാമെന്ന യുണൈറ്റഡ് നാഷണല്‍ െ്രെടബ്യൂണല്‍ തീരുമാനത്തെത്തുടര്‍ന്നായിരുന്നു ഈ വര്‍ഷം ആദ്യം നാവികര്‍ക്കെതിരായ വിചാരണ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഇറ്റലി 10 കോടി രൂപ നല്‍കിയാല്‍ മാത്രമേ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി ഏപ്രില്‍ 9 ന് വ്യക്തമാക്കിയിരുന്നു.
ഈ തുക ഇറ്റലി കൈമാറിയതായി സോളിസിറ്റര്‍ ജനറല്‍ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ നല്‍കിയ 2.17 കോടിക്ക് പുറമെയാണ് 10 കോടി കൈമാറുന്നത്. 10 കോടി സ്വീകരിക്കാമെന്ന് കുടുംബങ്ങള്‍ വ്യക്തമാക്കിയതായി കേരളം നേരത്തേ സുപ്രീം കോടതിയെ അറിയിച്ചതയാും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഇറ്റലിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സൊഹൈല്‍ ദത്തയും ഇക്കാര്യം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
അതേസമയം നഷ്ടപരിഹാര തുക കുടുംബങ്ങള്‍ക്കിടയില്‍ എങ്ങനെ വിഭജിക്കുമെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചോദിച്ചു. രണ്ട് കുടുംബങ്ങള്‍ക്കും നാല് കോടി വീതവും മത്സ്യത്തൊഴിലാളികള്‍ സഞ്ചരിക്കുന്ന ബോട്ടിന്റെ ഉടമയ്ക്ക് രണ്ട് കോടി രൂപയും ലഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ പണം സുരക്ഷിതമായിരിക്കുമോയെന്നായിരുന്നു കോടതിയെ ചോദ്യം. 10 കോടി രൂപ ആദ്യം സ്ഥിരം നിക്ഷേപമായി സൂക്ഷിക്കാനാകുമോയെന്നും കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമോയെന്നും കോടതി ചോദിച്ചു. എന്നാല്‍ അവകാശികള്‍ പ്രായപൂര്‍ത്തിയായവരാണെന്നും നേരത്തേ നല്‍കിയ നഷ്ടപരിഹാരം മികച്ച രീതിയിലാണ് വിതരണം ചെയ്തതെന്നും കുടുംബം കോടതിയില്‍ വ്യക്തമാക്കി.
2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യതൊഴിലാളികളായ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവരാണ് കൊല്ലപ്പെട്ടത്.ഇറ്റാലിയന്‍ നാവികരായ മാസിമിലാനോ ലാത്തോറേ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരായിരുന്നു പ്രതികള്‍.