ഫ്‌ളോറിഡ: താമ്പയില്‍ താമസിക്കുന്ന മലയാളി യുവ എന്‍ജിനീയറും 3 വയസ്സുള്ള മകനും കടല്‍ തിരയിലകപ്പെട്ട് മുങ്ങിമരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ചങ്ങനാശേരി ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ജനോഷ് (37), മകന്‍ ഡാനിയല്‍ (3) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് എത്തിയ ജാനേഷ്, ഡാനിയലുമായി രാത്രി ഏഴുമണിക്ക് ശേഷം അപ്പോളോ ബീച്ചില്‍ പോയപ്പോഴാണ് അപകടമുണ്ടായതെന്നും ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരാളും അപകടത്തില്‍പെട്ടതായും സൂചനയുണ്ട്. അപകടം സംബന്ധിച്ച മറ്റു വിവരങ്ങള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭ്യമല്ല.
ഐ.ടി എന്‍ജിനീയറായ ജാനേഷ് കുടുംബസമേതം താമ്പയിലാണ് താമസിക്കുന്നത്. ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സിങ് സൂപ്രണ്ടാണ്. 8 മാസം പ്രായമുള്ള സ്‌റ്റെഫാനും മകനാണ്. 2019 അവസാനമാണ് ഇവര്‍ നാട്ടിലെത്തി മടങ്ങിയത്. ജാനേഷിന്റെ അമ്മ മേരിക്കുട്ടിയും അന്ന് ഇവര്‍ക്കൊപ്പം അമേരിക്കയിലേക്കു വന്നിരുന്നു.
പഠനത്തിനായി അമേരിക്കയില്‍ എത്തിയ ജാനേഷ് പിന്നീട് ജോലി ലഭിച്ചതോടെ ഇവിടെ താമസമാക്കുകയായിരുന്നു. ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബിച്ചന്റെ മകനാണ് ജനോഷ്. മേരിക്കുട്ടി കരിമ്പില്‍ കുടുംബാംഗമാണ്. ബെന്‍സി, മനോജ് എന്നിവരാണ് ജനേഷിന്റെ സഹോദരങ്ങള്‍.